മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 219 ആയി. ഇതുവരെ 160 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 45 ശരീര ഭാഗങ്ങളും ദുരന്തമുഖത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ 94 മൃതദേഹങ്ങളിൽ നടപടി പൂർത്തിയാക്കിയ 66 എണ്ണം ബന്ധുക്കൾക്ക് വിട്ടുനൽകി. 126 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കയത്. 112 പേർ ദുരിതാശ്വാസ ക്യാമ്പിൽ തുടരുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദുരന്തത്തിൽ നിന്ന് രക്ഷിച്ച 195 പേരെയാണ് ഇതുവരെ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. 112 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു.
ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയുമുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടെ തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്ന് നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചിരുന്നു.
ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും. ഇവിടെ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥനെയും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയമിക്കും. ഇന്ന് വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, വി. അബ്ദുറഹ്മാൻ, കെ. കൃഷ്ണൻകുട്ടി, ജി.ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ. കേളു തുടങ്ങിയവർ പങ്കെടുത്തു.
















