കൊച്ചി: ഈ അധ്യയന വര്‍ഷത്തില്‍ ഇതു വരെ സ്‌കൂളില്‍ പോകാന്‍ അജ്‌സലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളില്‍ കേരളം മുഴുവന്‍ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ) എന്ന അത്യധികം ഗുരുതരമായ രോഗത്തെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ അതേ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ തൃശൂരിലും കൊച്ചിയിലുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു തൃശൂര്‍ വെങ്കിടങ് പാടൂര്‍ സ്വദേശിയായ ഈ 12 വയസ്സുകാരന്‍.
ഒടുവില്‍ പൂര്‍ണമായും രോഗമുക്തി നേടി തിങ്കളാഴ്ച കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്‌സലിന്റെ മനസ്സ് നിറയെ സ്‌കൂളിലെത്തി തന്റെ കൂട്ടുകാരെയെല്ലാം കാണാനുള്ള ആഗ്രഹമായിരുന്നു. വെങ്കിടങ് പാടൂര്‍ വാണീവിലാസം യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അജ്‌സലിന് കണക്കാണ് ഇഷ്ടവിഷയം. സ്‌കൂളിലെ കൂട്ടുകാര്‍ ഓരോ ദിവസവും അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളാണ് മൂന്നാഴ്ചയോളമായി ആശുപത്രിക്കിടക്കയിലിരുന്ന് പഠിച്ചുകൊണ്ടിരുന്നത്. സ്‌കൂളിലെ അധ്യാപകര്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷം എത്രയും വേഗം സ്‌കൂളിലേക്കെത്തി കൂട്ടുകാരെ കാണാനാണ് അജ്സലിന്റെ പ്ലാന്‍.
അപൂര്‍വമായൊരു രോഗത്തെ അതിജീവിക്കാന്‍ തനിക്ക് കരുത്തേകിയ അമൃതയിലെ ഡോക്ടര്‍മാര്‍ക്കെല്ലാം മധുരം നല്‍കി, നന്ദി പറഞ്ഞാണ് അജ്സല്‍ മാതാപിതാക്കള്‍ക്കൊപ്പം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുട്ടി രോഗമുക്തി നേടിയതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി വിനയന്‍ പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു
ഡോ. കെ.പി വിനയന്റെ നേതൃത്വത്തില്‍ പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ.വൈശാഖ് ആനന്ദ്, പീഡിയാട്രിക് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ.സജിത് കേശവന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ഗ്രീഷ്മ ഐസക്, പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എന്‍.ബി പ്രവീണ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ ചികിത്സിച്ചത്. മകന് വളരെ വേഗത്തില്‍ പുതിയൊരു ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കളായ നൗഫലും അനിഷയും പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 1 നാണ് പനിയെ തുടര്‍ന്ന് അജ്സലിനെ പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പനി കൂടിയതിനെ തുടര്‍ന്ന് 2 ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുട്ടിയെ ഇവിടെ നിന്നും ത്യശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് സാമ്പിള്‍ അയച്ച് നടത്തിയ പരിശോധനയിലാണ് വെര്‍മമീബ വെര്‍മിഫോര്‍സിസ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂണ്‍ 16 നാണ് അമൃത ആശുപത്രിയിലേക്കെത്തിച്ചത്. തുടര്‍ന്ന് അമൃതയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്ററിന്റെ സഹായമില്ലാതെ കുട്ടി ശ്വസിച്ചു തുടങ്ങുകയും ചെയ്തു. ഐസിയു വില്‍ നിരീക്ഷണത്തിലായിരുന്ന കുട്ടിയെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് മുറിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഒരാഴ്ചത്തെ ഫിസിയോതെറാപ്പി കൂടി പൂര്‍ത്തിയായതോടെ കാലുകളുടെ ചലനക്ഷമതയും വീണ്ടെടുത്തു.