Kerala

ആര്‍ത്തിരമ്പി മലവെളളപ്പാച്ചില്‍; ഈ മഴക്കാലത്തും സ്‌ട്രോങ് ആയി തന്നെയുണ്ട് ഈ കാവല്‍മാടം- Watch shed at Athirapilli Falls

എത്ര മലവെള്ളപ്പാച്ചില്‍ വന്നാലും തരിമ്പും തകരാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കാവല്‍മാടമാണ് ഇത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണസമിതി പ്രവര്‍ത്തകരാണ് ഇത് നിര്‍മ്മിച്ചത്.

2017-ലാണ് ഈ ഷെഡ്ഡ് സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മേല്‍ക്കൂരയ്ക്ക് ഈറ്റയും ഓലയുമാണ് ഉപയോഗിച്ചിരുന്നത്. 2017-ലാണ് ആദ്യമായി നിര്‍മിച്ചതെങ്കിലും കൃത്യമായ ഇടവേളകളില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2018-ലെ പ്രളയകാലത്താണ് ഈ ഡബിള്‍ സ്‌ട്രോങ് ഷെഡിന്റെ ചിത്രം ആദ്യം വൈറലായത്. പിന്നീടുള്ള ഓരോ മഴക്കാലത്തും ഇത് ആവര്‍ത്തിച്ചു. എന്തായാലും ഇത്തവണയും ചാലക്കുടിപ്പുഴയില്‍ തലയുയര്‍ത്തി തന്നെ ആ കൊച്ചു ഷെഡ് നില്‍ക്കുന്നു.