തണുത്ത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ വിനോദസഞ്ചാരികൾക്കെന്നും ഹരമാണ്. എന്നാൽ അത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും ഉപജീവനം നടത്തുന്നവരുടെയും അവസ്ഥയെ പാട്ടി ചിന്തിച്ചിട്ടുണ്ടോ ? അതിജീവനത്തിനായി വിചിത്രമായ ജീവിതരീതികളാണ് അവിടെ പിന്തുടരുന്നതെന്ന് ഉറപ്പ്. ഇങ്ങനെയുള്ള പലയിടങ്ങളും സഞ്ചാരികൾക്ക് പറുദീസയാണ്. ലോകത്തിലെ അത്തരം ചില അതിശൈത്യ പ്രദേശങ്ങള്‍ പരിചയപ്പെടാം.
ഒമ്യാക്കോണ്‍, റഷ്യ
റഷ്യയില്‍, ആര്‍ട്ടിക് വൃത്തത്തിനരികിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഒമ്യാക്കോണ്‍. ഭൂമിയിലെ തന്നെ ഏറ്റവും തണുപ്പേറിയ ജനവാസ പ്രദേശങ്ങളില്‍ ഒന്നാണ് ഇത്.
ഏകദേശം അഞ്ഞൂറോളം ആളുകള്‍ മാത്രം വസിക്കുന്ന ഈ കൊച്ചുപട്ടണത്തില്‍ ജനുവരി മാസമാകുമ്പോഴേക്കും താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. 1933-ലാണ് ഇവിടെ റെക്കോഡ് താഴ്ന്ന താപനില രേഖപ്പെടുത്തിയത്, മൈനസ് 90 ഡിഗ്രി സെല്‍ഷ്യസ് വരെ ആ വര്‍ഷം താപനില താഴ്ന്നു.
വോസ്തോക്, അന്റാര്‍ട്ടിക്ക
ദക്ഷിണ ധ്രുവത്തില്‍ നിന്നും 1000 കിലോമീറ്റര്‍ അകലെയാണ് വോസ്തോക്. ലോകത്തിലെ തന്നെ ഏറ്റവും ഏകാന്തമായ റിസര്‍ച്ച് സ്റ്റേഷന്‍ ഇവിടെയാണ് ഉള്ളത്. ഏതാനും ഗവേഷകര്‍ മാത്രം വസിക്കുന്ന ഈ പ്രദേശം അങ്ങേയറ്റം വരണ്ടതും തണുപ്പേറിയതുമാണ്, മൈനസ് 129 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടെ താപനില താഴാറുണ്ട്.
മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഇവിടെ സൂര്യരശ്മികള്‍ പതിക്കില്ല, അതിനു ശേഷം സൂര്യപ്രകാശം കടന്നു വരുന്ന സീസണില്‍, ഓരോ ദിനവും ഏകദേശം 22.9 മണിക്കൂര്‍ നേരത്തേക്ക് പകലായിരിക്കും. ഇങ്ങനെയുള്ള വിചിത്ര പ്രതിഭാസങ്ങള്‍ കൊണ്ടുതന്നെ ഇവിടെ മനുഷ്യജീവിതം ഏറെക്കുറെ അസാദ്ധ്യമാണ്.
നൂര്‍സുല്‍ത്താന്‍, കസാഖ്‌സ്ഥാന്‍
ഏകദേശം എട്ടു ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന നൂര്‍സുല്‍ത്താന്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പുള്ള രണ്ടാമത്തെ തലസ്ഥാന നഗരമാണ്.
മംഗോളിയയുടെ തലസ്ഥാനമായ ഉലാന്‍ബാതര്‍ ആണ് ലോകത്തിലെ ഏറ്റവും തണുപ്പേറിയ തലസ്ഥാനനഗരമായി കണക്കാക്കുന്നത്. തണുപ്പുകാലത്ത് മൈനസ് 30-35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടുത്തെ താപനില.
ഉട്ക്യാഗ്വിക്, അലാസ്ക
യുണൈറ്റഡ് സ്റ്റേറ്റ്സില്‍, ആര്‍ട്ടിക് വൃത്തത്തിനു 320 മൈൽ വടക്കായി സ്ഥിതിചെയ്യുന്ന ഈ പട്ടണം മുന്‍പ് ബാരോ എന്നാണ് അറിയപ്പെട്ടിരുന്നത്.
നവംബർ 18 അല്ലെങ്കില്‍ 19 ന് സൂര്യൻ അസ്തമിച്ച ശേഷം, പിന്നീട് 65 ദിവസത്തേക്ക് ഇരുട്ട് മാത്രമായിരിക്കും. പ്രതിവർഷം 160 ദിവസങ്ങളോളം ഈ നഗരത്തിന്‍റെ താപനില പൂജ്യം ഡിഗ്രിയിൽ താഴെയാണ്.
സ്നാഗ്, കാനഡ
കാനഡയിലെ യൂക്കോണിലെ ബീവർ ക്രീക്കിൽ നിന്ന് 25 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് സ്നാഗ്. ഇവിടെ 1947 ഫെബ്രുവരി 3 ന് മൈനസ് 63 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ത്തന്നെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
content highlight: coldest-cities-in-the-world-that-you-can-visit