ഒറ്റ കുതിച്ചുചാട്ടം കൊണ്ട് ഏത് ഇരയേയും കൊല്ലുന്നവന്‍ . വേഗതയുടെ കാര്യത്തിൽ എതിരാളികളില്ലാത്ത ചീറ്റപ്പുലിയെ പോലും തോൽപ്പിക്കാൻ കരുത്തുള്ളവൻ. ആമസോണിലെ ഏറ്റവും അപകടകാരി സാക്ഷാൽ ജാഗ്വാര്‍. സിംഹവും കടുവയും ഇല്ലാത്ത വൈവിദ്ധ്യമാർന്ന സസ്യ ജന്തുജാലങ്ങളാൽ സംപുഷ്ടമായ തവിട്ട് ഡോൾഫിനുകളും നീർനായ്ക്കളും വമ്പൻ മുതലകളും ഭീമാകാരൻ അനോകോണ്ടകളും നിർബാദം വസിക്കുന്ന ആമസോൺ ഭരിക്കുന്നത് ഈ ഇരപിടിയൻ മൃഗമാണ്. ഒറ്റ കുതിച്ചുചാട്ടം കൊണ്ട് കൊല്ലുന്നവന്‍ – എന്നര്‍ത്ഥം വരുന്ന ‘യാഗ്വാര്‍’ എന്ന തദ്ദേശിയമായ പദത്തില്‍ നിന്നാണ് ജാഗ്വാര്‍ എന്ന പദം ഉണ്ടായത് തന്നെ. അതിനാൽ ഒരിക്കൽ ഇവന്റെ കണ്ണിൽ കുടുങ്ങിയ ഇരകൾക്ക് പിന്നീടൊരു മോചനമില്ല.
ഇരയെ കഴുത്തിൽ കടിച്ച് കൊലപ്പെടുത്തുന്ന മാംസഭുക്കുകളുടെ സ്വാഭാവിക ശൈലിയിൽ നിന്നും വിപരീതമായി തൻ്റെ ശക്തമായ പല്ലുകൾ ഉപയോഗിച്ച് തലയോട്ടി തകർത്താണ് ഇവ ഇരകളെ കൊല്ലുന്നത് . ഒറ്റനോട്ടത്തിൽ ചീറ്റപ്പുലിയുടെ അതേ ശരീരം, മെയ്വഴക്കം എന്നിവയൊക്കെ തോന്നും. പൂച്ച വർഗ്ഗത്തിൽ ഏറ്റവും കാഠിന്യമേറിയ താടിയെല്ലും അതിനെ പൊതിഞ്ഞ് ശക്തമായ മാംസപേശികളും ഉള്ളത് ജാഗ്വാറിനാണ് . .സിംഹത്തിന്റെ ബൈറ്റ് ഫോഴ്സിന്റെ ഏതാണ്ട് ഇരട്ടിയാണ് ജാഗ്വാറിനുള്ളത് . അതുകൊണ്ട് തന്നെ മുതലകളേയും ആമകളേയും പോലും അനായാസം ആഹരിക്കുവാൻ ഇവക്ക് സാധിക്കുന്നു .
മുതലകളെ വരെ പിടിച്ചു ഭക്ഷിക്കുന്നതിൽ മിടുക്കരാണ് ജാഗ്വാര്‍. കടുവകളെ പോലെ നല്ല നീന്തല്‍ വശമുള്ളതിനാൽ വെള്ളത്തിൽ വച്ചുള്ള സംഘടനങ്ങൾ ഒന്നും ഇവയെ ബാധിക്കില്ല.തദ്ദേശിയരായ വനവാസികൾക്ക് പോലും ഭീതിയുളവാക്കുന്ന ഏക ജീവി വർഗ്ഗവും ജാഗ്വാർ തന്നെ .കൂട്ടം കൂടി ജീവിക്കുകയൊ കൂട്ടമായി ഇരപിടിക്കുകയൊ ചെയ്യുന്ന രീതി പിൻതുടരുന്നവരല്ല ജാഗ്വാറുകൾ. വേഗത്തില്‍ ഓടുന്നതിനുള്ള കഴിവ് ജാഗ്വാറിനുണ്ടെങ്കിലും ഇരപിടിക്കാന്‍ സാധാരണയായി ഈ കഴിവ് ഇവ ഉപയോഗിക്കാറില്ല. കാരണം ചാട്ടത്തിൽ ഇവരെ തോൽപ്പിക്കാൻ ആളില്ല എന്നത് തന്നെ.ചീറ്റയേയൊ സിംഹത്തേയൊ പോലെ ഇരകളെ പിൻതുടർന്ന് പിടിക്കുന്നതിനേക്കാൾ പതിയിരുന്ന് ആക്രമിച്ച് കീഴ്പ്പെടുത്തുന്നതാണ് ജാഗ്വാറിൻ്റെ രീതി .
ആമസോണിലെ ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉന്നത ശ്രേണിയിലാണ് ജാഗ്വാറിൻ്റെ സ്ഥാനം.രാത്രിയും പകലും വേട്ടക്കിറങ്ങുന്ന ഇവ രാത്രി കാലങ്ങളില്‍ ഇര തേടി കിലോമീറ്ററുകളോളം സഞ്ചരിക്കാറുണ്ട്. ഇവരെ സംബന്ധിച്ച ഏറ്റവും കൗതുകകരമായ ഒരു കാര്യം തങ്ങളുടെ ശരീരത്തെക്കാൾ നാലിരട്ടി വലുപ്പമുള്ള ജീവികളെ വരെ ഇവർ ആഹാരമാക്കുന്നു എന്നതാണ്.ചെറു ജീവികളേക്കാൾ വലിപ്പം കൂടിയ ഇരകളോടാണ് ജാഗ്വാറിന് പ്രീയം. കാപ്പിബരകൾ, ആമകൾ, മത്സ്യങ്ങൾ, മാനുകൾ, മുതലകൾ, അർമാഡിലോകൾ, കുരങ്ങുകൾ, പക്ഷികൾ തുടങ്ങി എൺപത്തഞ്ചോളം ജീവി വർഗ്ഗങ്ങളെ ജാഗ്വാർ ആഹാരമാക്കാറുണ്ട് .16 വർഷം വരെയാണ് ശരാശരി ആയുസ്.