ന്യൂഡൽഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു ലോക്സഭയിൽ നടന്ന ശ്രദ്ധക്ഷണിക്കൽ ചർച്ചയ്ക്കിടെ ഭരണ–പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. വയനാട് എംപിയായിരുന്ന പ്രതിപക്ഷ നേതാവു രാഹുൽ ഗാന്ധി ഒരിക്കൽ പോലും പ്രദേശത്തെ പരിസ്ഥിതി വിഷയങ്ങൾ സഭയിൽ ഉയർത്തിയിട്ടില്ലെന്നു ബിജെപി അംഗം തേജസ്വി സൂര്യ ആരോപണം ഉന്നയിച്ചതോടെയാണു പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയത്. തുടർന്നു സ്പീക്കർ ഓം ബിർല സഭ നിർത്തിവച്ചു.
കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സമയത്താണ് ബിജെപി ഇത്തരമൊരു ആരോപണം ഉയർത്തുന്നതെന്നും രാഹുൽ ഗാന്ധി എത്രതവണ വയനാട്ടിലെ വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നതിനു സഭാരേഖകളുണ്ടെന്നും കെ.സി. വേണുഗോപാൽ മറുപടി നൽകി. കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ അപേക്ഷ പരിഗണിച്ചാണു വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകിയത്. ദുരന്തത്തിൽ കേരളം തകർന്നിരിക്കുകയാണെന്നും അടിയന്തര സഹായത്തിനും ഇടപെടലിനും പുറമേ ഭാവിയിൽ ഇത്തരം സംഭവങ്ങൾ നേരിടാനുള്ള ഇടപെടലുകളും ഉണ്ടാകണമെന്നും വിഷയം അവതരിപ്പിച്ച കെ.സി. വേണുഗോപാൽ പറഞ്ഞു. 2018 മുതൽ തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ സംഭവിക്കുന്നു. സമഗ്രമായ ഇടപെടൽ ആവശ്യമാണ്– അദ്ദേഹം പറഞ്ഞു.