Kerala

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണം 282; ബെയ്‍ലി പാല നിര്‍മാണം അന്തിമഘട്ടത്തിൽ | 282 dead in Wayanad landslide disaster; Bailey bridge construction in final stages

വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി.മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കാണ്. ജലനിരപ്പുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. സൈന്യം ഇന്നലെ തയാറാക്കിയ നടപ്പാലം മുങ്ങി. നിര്‍ത്തിവച്ച ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണം വീണ്ടും തുടങ്ങി. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.

ഇതിനിടെ ഉരുള്‍പൊട്ടലിനെക്കുറിച്ച് കേരളത്തിന് രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു . നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയില്‍ . കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. കേരള സര്‍ക്കാര്‍ എന്തുചെയ്തെന്നും എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ലെന്നും അമിത് ഷാ ചോദിച്ചു. അമിത്ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. ദുരന്തത്തിനുമുന്‍പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ല. 29ന് ഉച്ചയ്ക്ക് നല്‍കിയ അലര്‍ട്ടില്‍ പോലും ഒാറഞ്ച് അലര്‍ട്ട് മാത്രം. ദുരന്തം ഉണ്ടായശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.