Kerala

ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്തു | Appeal to Relief Fund; Campaign against Chief Minister’s Facebook post; A case was filed

കൽപ്പറ്റ: വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.

സാമൂഹ്യമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.