Kerala

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെ ദുരന്തമേഖലയിലെത്തും | Rahul and Priyanka will reach the disaster area in Wayanad today

വയനാട്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്തമേഖലയിലെത്തും. 9.45 ന് കണ്ണൂരെത്തും. 12 മണിയോടെ ഇരുവരും കല്പറ്റയിൽ എത്തും. യോഗത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പുകളും ആശുപത്രിയും സന്ദര്‍ശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മോശം കാലാവസ്ഥയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്ന അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കിയത്.

ഉരുള്‍പൊട്ടല്‍ ദുരന്തം രാഹുല്‍ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും വയനാട് മുന്‍ എം പി കൂടിയായ രാഹുൽ ആവശ്യപ്പെട്ടു. ”കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ദതിയുണ്ടാക്കണമെന്ന് ഗതാഗത സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും” രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കൽപ്പറ്റയിലെ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. രക്ഷാ ദൗത്യം, ദുരിത ബാധിതർക്കുള്ള ധന സഹായം, പുനരധിവാസം ഉൾപ്പെടെയുള്ള കര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.