വയനാട് ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് ഒരു നാട് ഭയത്തിലാണ്ട് നില്‍ക്കുമ്പോള്‍ ആശ്വാസകരവും മാതൃകാപരവുമായ ചില കൈത്താങ്ങുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുകയാണ്. നേരിട്ടും, സമൂഹമാധ്യമങ്ങളിലെയും, പത്ര-വാര്‍ത്ത ചാനലുകളുലൂടെയും പലതരത്തിലുള്ള സഹായഹസ്തങ്ങളാണ് വയനാടിന് വേണ്ടി വന്നു കൊണ്ടിരിക്കുന്നത്. അങ്ങനെ, വയനാട് ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് ഭീതിയിലാണ്ട മനുഷ്യര്‍ക്ക് അഭയമൊരുക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. പോസ്റ്റ് കാണാം,
സ്‌നേഹത്തണല്‍….
വയനാട് ഇന്ന് നമ്മളെല്ലാവരുടെയും മനസില്‍ ഒരു നോവാണ്. ദുരിതം പെയ്തിറങ്ങിയ ആ നാട്ടിലേക്ക് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും സഹായങ്ങള്‍ പ്രവഹിക്കുകയാണ്. കേരളത്തിന്റെ വടക്കുള്ള വയനാട് ജില്ലയിലെ പ്രകൃതിക്ഷോഭത്താല്‍ ഭീതിയിലാണ്ട മനുഷ്യര്‍ക്ക് അഭയമൊരുക്കാനുള്ള ശ്രമത്തിലാണ് തെക്കന്‍ ജില്ലയായ തിരുവനന്തപുരത്തെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. ‘അകലം ‘ എന്ന പരിമിതിയെ ‘കരുതല്‍’ എന്ന മാനവിക ഭാവം കൊണ്ട് മുറിച്ചു കടക്കുവാനുള്ള എളിയ ശ്രമമായും ഇതിനെ കരുതാം. ദുരിതമേഖലയിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് ഇവിടെ താമസിക്കാം. നമ്മുടെ വീടുകളുടെ വാതിലുകള്‍ അവര്‍ക്കായി തുറക്കപ്പെടും. ദുരന്തമുഖത്ത് നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു….നിങ്ങളുടെ കണ്ണീര്‍ കഥകള്‍ കേള്‍ക്കാനും, നിങ്ങളെ ആശ്വസിപ്പിക്കുവാനും ഞങ്ങളുണ്ട്….മഴ മാറും….വീണ്ടും പകല്‍ തെളിയും….. ഞങ്ങള്‍ നിങ്ങളെ നാട്ടിലെത്തിക്കും…. ഈ ഒരു ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍ വയനാട് നിന്നും ഏറെ അകലെയുള്ള ഞങ്ങളിലേക്ക് ആരെങ്കിലും എത്തുമോ എന്ന് അറിയില്ല….എങ്കിലും ഈ വിഷമസന്ധിയില്‍ ഞങ്ങളാലാവുന്നത് ചെയ്യുവാന്‍ ശ്രമിക്കുന്നു എന്നു മാത്രം. വയനാടിന് സമീപ ജില്ലകളിലുള്ളവര്‍ക്ക് ഈ ആശയം നന്നായി പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും എന്നും വിശ്വസിക്കുന്നു. ഒരു കുടുംബമോ, ഒരു വ്യക്തിയോ ഞങ്ങളിലേക്ക് എത്തിയാല്‍ അന്ന് മുതല്‍ നിങ്ങളായിരിക്കും ഞങ്ങള്‍ളുടെ ഏറ്റവും ‘വലിയ അതിഥി’. മലയിന്‍കീഴിലേക്ക് സ്വാഗതം സ്‌നേഹിതരെ…
‘ സ്‌നേഹത്തണല്‍ ‘
എസ്. സുരേഷ് ബാബു
വൈസ് പ്രസിഡന്റ്
മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്