World

ഹമാസ് തലവൻ്റെ കൊലപാതകത്തിന് തിരിച്ചടിക്കും; ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇറാൻ നേതാവ് | irans-leader-orders-attack-on-israel

ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് ഇറാൻ പ്രതികാരം ചെയ്യും. ഇസ്രയേലിനെ നേരിട്ട് അക്രമിക്കാനാണ് നീക്കം. ഹനിയയെ വധിച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമേനി ഉത്തരവിട്ടത്.

‘‘ഇറാൻ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻഡർമാരുടെ പരിഗണനയിലുള്ളത്.’’ ഇറാൻ കമാൻഡർമാർ പറഞ്ഞു. ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേൽ നേരത്തേ വധിച്ചിട്ടുണ്ട്.

സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഏപ്രിലിൽ ഇസ്രയേലിനെതിരെ ഇറാൻ മിസൈലാക്രമണം നടത്തി. യെമൻ, സിറിയ, ഇറാഖ് എന്നിവയുൾപ്പെടെ സഖ്യസേനകളുടെ സഹായത്തോടെ സംയോജിത ആക്രമണം നടത്താനുളള പദ്ധതിയും ഇറാനുണ്ട്.

ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇറാൻ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

content highlight: irans-leader-orders-attack-on-israel