കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബലിതർപ്പണ കേന്ദ്രങ്ങളിൽ സുരക്ഷിതമായ ബലിതർപ്പണം നടത്തുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. തിരുവല്ലം, ശംഖുമുഖം, വർക്കല, അരുവിക്കര, വെള്ളായണി, അരുവിപ്പുറം, നെയ്യാറ്റിൻകര, കഠിനംകുളം എന്നിങ്ങനെ എട്ടു ഇടങ്ങളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക. ഇവിടങ്ങളിലെല്ലാം സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ ആകെ ക്രമീകരണങ്ങളുടെ മേൽനോട്ടത്തിനായി നോഡൽ ഓഫീസറായി സബ് കളക്ടർ അശ്വതി ശ്രീനിവാസ് പ്രവർത്തിക്കും. തിരുവല്ലത്തെ ബലിതർപ്പണ കേന്ദ്രത്തിന്റെ ചുമതലയും സബ് കളക്ടർക്കാണ്. വർക്കലയിൽ എ ഡി എം പ്രേംജി സി യും ശംഖുമുഖത്ത് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറും ആണ് നോഡൽ ഓഫീസർമാർ. മറ്റിടങ്ങളിൽ വിവിധ ഡെപ്യൂട്ടി കളക്ടർമാർ നോഡൽ ഓഫീസർമാരാകും.
ഓരോ കേന്ദ്രത്തിലെയും സജ്ജീകരണങ്ങൾ വിലയിരുത്താൻ പ്രാദേശികമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നേരത്തെ യോഗം ചേർന്നിരുന്നു. ചടങ്ങുകൾ മുഴുവൻ ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും നടക്കുക. ബലിതർപ്പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ എത്തുന്നവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിയ്ക്കണമെന്നും ബലിതർപ്പണത്തിനായി ഒരുക്കിയ സ്ഥലങ്ങളിൽ മാത്രം ബലിതർപ്പണം നടത്തി സുരക്ഷിതമായി മടങ്ങി പോകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.