മേപ്പാടി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമെന്ന് രാഹുൽ ഗാന്ധി. തന്റെ പിതാവ് മരിച്ചപ്പോൾ തനിക്ക് തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നതെന്നും വയനാട്ടിലെ കുട്ടികൾക്ക് പലർക്കും പിതാവിനെ മാത്രമല്ല, അവരുടെ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടുവെന്നും അവരുടെ വേദന വളരെ വലുതാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സഹോദരന്റെ അനുഭവം തന്നെയാണ് തനിക്കുമെന്നും ഞങ്ങള്‍ക്ക് കഴിയുന്നത്ര പിന്തുണ നല്‍കാനും സഹായിക്കാനുമാണ് ഇവിടെയെത്തിയതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
“എന്നെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ ദുരന്തമാണ്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം. ആരേയും കുറ്റപ്പെടുത്താനോ രാഷ്ട്രീയ വിഷയങ്ങള്‍ പറയാനോ ഉള്ള സ്ഥലമല്ലിത്. ഇവിടെയുള്ളവര്‍ക്ക് സഹായം ആവശ്യമാണെന്നും രാഷ്ട്രീയം പറയാന്‍ താത്പര്യമില്ല”, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരേയും വീടുകള്‍ നഷ്ടപ്പെട്ടവരേയും കാണുകയെന്നത് വേദനിപ്പിക്കുന്ന അനുഭവമാണ്. ഈ സാഹചര്യത്തില്‍ അവരോട് സംസാരിക്കുകയെന്നത് പ്രയാസമേറിയതാണ്. യഥാര്‍ഥത്തില്‍ അവരോട് എന്താണ് പറയേണ്ടതെന്നറിയില്ല. അവരെ സഹായിക്കേണ്ടതുണ്ട്. ദുരന്തം അതിജീവിച്ചവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കണം, രാഹുല്‍ ഗാന്ധി പറഞ്ഞു.
ചിലര്‍ക്ക് മാറിതാമസിക്കണം. സര്‍ക്കാര്‍ അത് പരിഗണിക്കേണ്ടതുണ്ട്. ഒരുപാട് ജോലികള്‍ ഇവിടെ ഇനിയും ചെയ്യാനുണ്ട്. വലിയ ദുരന്തമാണിത്. ഇവിടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വോളണ്ടിയര്‍മാര്‍. ഭരണകൂടം എല്ലാവരോടും നന്ദി പറയുന്നു. എനിക്ക് അഭിമാനമുണ്ട്, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അവകാശവാദത്തില്‍ പ്രതികരിക്കാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘രാഷ്ട്രീയ കളിക്കാനുള്ള സമയമല്ല. ആളുകള്‍ക്ക് സഹായമെത്തിക്കണം. രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യമില്ല. വയനാട്ടിലെ ജനങ്ങള്‍ക്ക് സാധ്യമായ സംരക്ഷണം നല്‍കും.’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും നേതാവ് രാഹുൽ ഗാന്ധി ഉറപ്പുനൽകിയിരുന്നു. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും സംസാരിച്ച് രാഹുൽ സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ രാഹുലും പ്രിയങ്കയും സന്ദർശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.