Tech

1799 രൂപയ്ക്ക് ജിയോയുടെ 4ജി ഫോണോ!?; വില്‍പ്പന ആമസോണ്‍ വഴി-JioBharat J1 4G

അധികം ഡാറ്റ ആവശ്യമില്ലാത്തവരും സാധാരണ ഫോണുകള്‍ ഉപയോഗിക്കുന്നവരുമായ ആളുകളെ ലക്ഷ്യമിട്ടുള്ള വില കുറഞ്ഞ 4ജി ഫോണ്‍ അവതരിപ്പിച്ച് ജിയോ. ജിയോഭാരത് ജെ1 4ജി എന്ന ഫോണാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്‍ബിള്‍ട്ടായ ജിയോ ആപ്പുകളാണ് പ്രധാന സവിശേഷത. ജിയോ ടിവി, ജിയോസിനിമ, ജിയോസാവന്‍, ജിയോപേ (യുപിഐ), ജിയോഫോട്ടോസ് തുടങ്ങിയ ജിയോ ആപ്പുകളാണ് ഇന്‍ബിള്‍ട്ടായി വരുന്നത്. ജിയോ സിം മാത്രമേ ഈ ഫോണില്‍ പ്രവര്‍ത്തിക്കുകയുളളു. 1799 രൂപയാണ് ഈ ഫോണിന്റെ വില.

ഫോണിന് വേണ്ടി പ്രത്യേകമായ റീച്ചാര്‍ജ് പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 2.8 ഇഞ്ച് നോണ്‍-ടച്ച് ഡിസ്പ്ലെ, 2,500 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഫോണ്‍  ThreadX RTOS  ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലെയല്ല ഇതിന്റെ രൂപകല്‍പന. ഹിന്ദിയും മറാഠിയും ഗുജറാത്തിയും ബംഗ്ലായും ഉള്‍പ്പടെ 23 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫിസിക്കല്‍ കീപാഡാണ് ഫോണിനുള്ളത്. ഫോണിന്റെ ഭാരം 122 ഗ്രാമാണ്. ഒരൊറ്റ നിറത്തില്‍ മാത്രം ലഭ്യമാകുന്ന ഫോണ്‍ ആമസോണ്‍ വഴിയാണ് വില്‍ക്കുന്നത്. സിംഗിള്‍ നാനോ സിം സ്ലോട്ടും 128 ജിബി വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇതിലുണ്ട്. ഫോണിന്റെ ക്യാമറ ഫീച്ചറുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

റീച്ചാര്‍ജ് പ്ലാനുകള്‍: ജിയോഭാരത് റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിച്ചാണ് ജിയോഭാരത് ജെ1 4ജി ഫോണ്‍ റീച്ചാര്‍ജ് ചെയ്യേണ്ടത്. 28 ദിവസത്തെ അടിസ്ഥാന റീച്ചാര്‍ജിന് 123 ഉം 336 ദിവസത്തെ റീച്ചാര്‍ജിന് 1234 രൂപയുമാണ് വില. എല്ലാ റീച്ചാര്‍ജ് പ്ലാനുകളിലും 0.5 ജിബി ഡാറ്റ ദിനംപ്രതി ലഭിക്കും. പരിധിയില്ലാത്ത വോയിസ് കോളും സൗജന്യ എസ്എംഎസുകളും ഈ പാക്കേജുകളില്‍ ലഭ്യമാകും. ജിയോസാവന്‍, ജിയോസിനിമ, ജിയോടിവി എന്നിവയുടെ സബ്സ്‌ക്രിപ്ഷനുകളും റീച്ചാര്‍ജുകള്‍ക്കൊപ്പം ലഭിക്കും.