കൽപറ്റ: ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ വയനാട്ടിലെത്തിക്കും. മണ്ണിനടിയിലെ ശരീരഭാഗങ്ങൾ കണ്ടെത്താൻ ഈ ഡ്രോണിന് സാധിക്കും. ഈ ഡ്രോൺ അടക്കം സാങ്കേതിക വിദ്യകൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമാണെന്ന് അധികൃതർ പറയുന്നു.
രക്ഷാപ്രവര്‍ത്തനം എത്രനാള്‍ നീളുമെന്ന് പറയാന്‍ കഴിയില്ലെന്ന് സൈന്യം അറിയിച്ചു. കാലാവസ്ഥ രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മേജര്‍ ജനറല്‍ വി.ടി. മാത്യു പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സന്നദ്ധപ്രവര്‍ത്തകര്‍ എത്തുന്നത് സൈന്യത്തിന് സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലാവരും ഞങ്ങളെ സഹായിക്കുന്നുണ്ട്. വൈകുന്നേരത്തെ യോഗത്തിലാണ് ഓരോരുത്തരും എന്ത് ജോലിയാണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. അതനുസരിച്ചാണ് ഓരോരുത്തരും അടുത്തദിവസം ഓരോരുത്തരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്’, മേജര്‍ ജനറല്‍ വി.ടി. മാത്യു പറഞ്ഞു.
‘സൈന്യത്തിന്റെ പക്കല്‍ ആവശ്യമായ എല്ലാ സന്നാഹങ്ങളുമുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ഉപകരണങ്ങള്‍ വരുത്താനായി ജില്ലാ ഭരണകൂടത്തോട് പറഞ്ഞിട്ടുണ്ട്. സൈന്യത്തിന്റെ കൈവശമുള്ള റഡാറുകളും എത്തിക്കും. ജെ.സി.ബികളും എസ്‌കവേറ്ററുകളും ആവശ്യത്തിന് ഇവിടെ ഉണ്ട്.’
‘സംസ്ഥാനം വിളിച്ചിട്ടാണ് സൈന്യം ഇവിടെ എത്തിയത്. ‘ഇനി നിങ്ങളുടെ ആവശ്യമില്ല’ എന്ന് സംസ്ഥാനം പറയുന്നതുവരെ ഞങ്ങള്‍ ഇവിടെ തുടരും’, മേജര്‍ ജനറല്‍ വി.ടി. മാത്യു പറഞ്ഞു.
അതേസമയം, ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു. 240 പേരെക്കുറിച്ച് വിവരമില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.