ഹൈദരാബാദ്: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷമുള്ള 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശില്‍ മാത്രം രണ്ട് ലക്ഷം മൊബൈല്‍ സിമ്മുകളാണ് ബിഎസ്എന്‍എല്‍ ആക്റ്റീവേറ്റ് ചെയ്തത്. മികച്ച താരിഫ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനാലാണ് ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ കൂടുന്നത്. സ്വകാര്യ കമ്പനികള്‍ ഡാറ്റ നിരക്കുകള്‍ ഉയര്‍ത്തിയപ്പോഴും ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയാണ്.
ആന്ധ്രാപ്രദേശില്‍ ഇരുപത്തിമൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷം സിം കാര്‍ഡുകള്‍ ആക്റ്റിവേഷന്‍ ചെയ്യാന്‍ കഴിഞ്ഞതായി ബിഎസ്എന്‍എല്‍ മുമ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിവേഗം കണക്ഷന്‍ രണ്ട് ലക്ഷം പിന്നിട്ടത്. എന്നാല്‍ ഇത്രയും കണക്ഷനുകള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണമാണോ അതോ പോര്‍ട്ടബിള്‍ സൗകര്യം ഉപയോഗിച്ച് മറ്റ് നെറ്റ്വര്‍ക്കുകളില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തവരുടെ കണക്കാണോ എന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെ ആന്ധ്രയിലെ ചിറ്റൂരില്‍ ബിഎസ്എന്‍എല്‍ 4ജി അവതരിപ്പിച്ചിരുന്നു. വൈകാതെ തന്നെ ഇത് സംസ്ഥാനത്തുടനീളം ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 4ജി, 5ജി മൈഗ്രേഷന് ശേഷം ബിഎസ്എന്‍എല്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമോ എന്ന് വ്യക്തമല്ല. ജിയോയും എയര്‍ടെല്ലും വിഐയും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്ന ജൂലൈ 3-4 തിയതികള്‍ക്ക് ശേഷമാണ് ബിഎസ്എന്‍എല്ലിന്റെ രാശി തെളിഞ്ഞത്.