കൊല്ലം: കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസിൽ ഇന്നലെ അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ വ്യാഴാഴ്‌ച അയത്തിൽ തെക്കേകാവ് ക്ഷേത്ര മൈതാനത്ത് കെട്ടിയിട്ടിരുന്ന പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ആറുമാസം ഗർഭിണിയായ കുതിരയെ ലഹരിക്ക് അടിമകളായ അക്രമികൾ ക്രൂരമായി മർദിച്ചത്. കണ്ണിനും മുഖത്തും കാലിനും പരിക്കേറ്റ് അവശനിലയിലായ കുതിരയ്ക്ക് മർദനമേറ്റ വിവരം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽനിന്നാണ് തിരിച്ചറിഞ്ഞത്.
ഷാനവാസ് ഇരവിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തു. ആറംഗസംഘത്തിലെ രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരവിപുരം ഇൻസ്പെക്‌ടർ രാജീവിന്റെ നേതൃത്വത്തിൽ സിപിഒമാരായ സുമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.