ന്യൂഡൽഹി: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഐഎഎസ് ലഭിക്കുന്നതിനായി പൂജ ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. കാഴ്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. യുപിഎസ്‌സി പരീക്ഷ എഴുതുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏഴംഗ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.
കേസിലെ അന്വേഷണം ഡൽഹി പൊലീസും അന്വേഷണ ഏജൻസിയും കൂടുതൽ വിപുലീകരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. യുപിഎസ്‌സിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ പൂജ ഖേദ്കറിനെ സഹായിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനും കോടതി പൊലീസിന് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം പൂജ ഖേദ്കറുടെ പ്രൊവിഷണൽ കാൻഡിഡേച്ചർ( ഉപധികളോട പരീക്ഷ എഴുതാൻ നൽകിയ അനുമതി) റദ്ദാക്കിയിരുന്നു. പരീക്ഷകളിൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. യുപിഎസ്‌സി ഭാവിയിൽ കമ്മീഷൻ നടത്തുന്ന ഒരു പരീക്ഷയും ഇവർക്ക് എഴുതാനാകില്ല. കേസിൽ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ഐഎഎസ് ഉറപ്പാക്കാൻ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, കാഴ്ചാപരിമിതി രേഖകൾ എന്നിവ എന്നിവ വ്യാജമായി ഉപയോഗിച്ചതായി കണ്ടെത്തി.
എന്നാൽ ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിനാണ് തന്നെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാൻ മുൻകൂർ ജാമ്യം വേണമെന്നുമായിരുന്നു പൂജയുടെ ആവശ്യം. എന്നാൽ വീണ്ടും വീണ്ടും പൂജ യുപിഎസ്സിയെ വഞ്ചിച്ചെന്നും അതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കുന്നു എന്നും കോടതി വ്യക്തമാക്കി.
പൂജയുടെ പിതാവും മഹാരാഷ്ട്രയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന ദിലീപ് ഖേദ്കറിന് 40 കോടിയുടെ സ്വത്തുക്കളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനിടെ, 2009നും 2023നുമിടെ സിവിൽ സർവീസ് പരീക്ഷയെഴുതിയ 15000 ഉദ്യോഗാർഥികളുടെ രേഖകൾ പരിശോധിച്ചുവെന്നും അതിലാരും തട്ടിപ്പ് നടത്തിയിട്ടില്ലെന്നും യു.പി.എസ്.സി അറിയിച്ചു.