ന്യൂഡൽഹി: നീറ്റ്-യു.ജിയുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, മോഷണം, മോഷണവസ്തു ഏറ്റുവാങ്ങൽ, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
മേയ് അഞ്ചിന് പട്നയിലെ ശാസ്ത്രിനഗർ പൊലീസ് സ്റ്റേഷനിലാണ് നീറ്റ് വിവാദവുമായി ബന്ധപ്പെട്ട ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 23ന് ബിഹാർ പൊലീസിൽനിന്ന് സി.ബി.ഐക്ക് കേസ് കൈമാറി. ബിഹാർ പൊലീസ് അറസ്റ്റ് ചെയ്ത 15 പേർ ഉൾപ്പെടെ ആകെ 40 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരിൽ പലരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.