Gulf

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം; ജിസിസിയില്‍ ഏഴു നോര്‍ക്ക-ലീഗല്‍ കണ്‍സൾട്ടന്‍റുമാരെ നിയമിച്ചു | seven-norka-legal-consultants-appointed-in-gcc-countries

വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമില്‍ തോമസ് പിഎം, കുവൈറ്റില്‍ രാജേഷ് സാഗർ, യു.എ.ഇ അബുദാബിയില്‍ സാബു രത്നാകരൻ, സലീം ചോലമുക്കത്ത് ദുബായ്-ഷാര്‍ഷ മേഖലയില്‍ മനു. ജി, അനല ഷിബു എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്.

ജി.സി.സി രാജ്യങ്ങളില്‍ കൂടുതൽ ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോർക്ക-റൂട്ട്സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് PLAC.

കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലെ നോര്‍ക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക. ഇതോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.