Sports

ഡ്യുറാൻഡ് കപ്പ്: മുംബൈയെ ഗോൾമഴയിൽ മുക്കി ബ്ലാസ്റ്റേഴ്‌സ്, (8–0)

കൊൽക്കത്ത: ഡ്യുറാൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ കീഴിൽ കളിച്ച ആദ്യ പ്രധാന മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.

അഡ്രിയൻ ലൂണയായിരുന്നു ടീമിന്റെ നായകൻ. ഡ്യൂറന്‍റ് കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് കൊല്‍ക്കത്തയില്‍ പിറന്നത്. മുംബൈക്കായി റിസര്‍വ് ടീമാണ് കളത്തിലിറങ്ങിയത്.

കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മഞ്ഞപ്പടയുടെ സമഗ്രാധിപത്യമായിരുന്നു മൈതാനത്ത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര, ഈ സീസണിൽ ടീമിലെത്തിയ മൊറോക്കോ താരം നോഹ സദൂയി എന്നിവർ ഹാട്രിക് നേടി.

32, 50, 53 മിനിറ്റുകളിലായിരുന്നു പെപ്രയുടെ ഗോളുകൾ. 39, 45, 76 മിനിറ്റുകളിലായി നോഹ സദൂയിയും ഹാട്രിക് പൂർത്തിയാക്കി. ഇഷാൻ പണ്ഡിത ഇരട്ടഗോൾ (86, 87 മിനിറ്റുകളിൽ) നേടി ബ്ലാസ്റ്റേഴ്സിന്റെ ഗോളടിമേളം പൂർത്തിയാക്കി.

കളിയിലുടനീളം ഓൺ ടാർജറ്റിൽ 13 ഷോട്ടുകൾ ഉതിർത്ത ബ്ലാസ്‌റ്റേഴ്‌സ് അതിൽ എട്ടും വലയിലാക്കി. 12 കോർണർ കിക്കുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തിൽ ആകെ ലഭിച്ചത്. എല്ലാ ടൂര്‍ണമെന്‍റുകളിലുമായി ബ്ലാസ്റ്റേഴ്സ് കുറിക്കുന്ന ഏറ്റവും വലിയ വിജയമാണിത്.

മറ്റു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ്, ഓഗസ്റ്റ് 4ന് പഞ്ചാബ് എഫ്സിയെയും 10നു സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്സിയെയും നേരിടും.