ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ദുബൈയിൽ ടാക്സി ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി. ആറു മാസത്തിനിടെ ദുബൈ ടാക്സി ഉപയോഗിച്ചത് 9.69 കോടി പേരാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ടാക്സി ഉപയോഗിച്ചവരുടെ എണ്ണം 9.62 കോടിയായിരുന്നു. ആറു മാസത്തിനിടെ ടാക്സി ട്രിപ്പുകളുടെ എണ്ണം 5,57,000 ആയും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ടാക്സി ട്രിപ്പുകളുടെ എണ്ണം 5,53,000 ആയിരുന്നു. എമിറേറ്റിൽ ഡ്രൈവർമാരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 26,000ത്തിൽനിന്ന് 30,000 ആയാണ് വർധിച്ചത്. ടാക്സികളുടെ എണ്ണം 12,778 ആയി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയവളിനേക്കാൾ 644 ടാക്സികളാണ് കൂടിയത്.
കഴിഞ്ഞ അഞ്ചു വർഷമായി എമിറേറ്റിലെ പൊതുഗതാഗത വ്യവസായ മേഖലയിൽ തുടർച്ചയായ വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് ആർ.ടി.എയുടെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശാക്രി പറഞ്ഞു. ടാക്സി ട്രിപ്പുകളുടെയും ഡ്രൈവർമാരുടെയും വാഹനങ്ങളുടെ എണ്ണം ഉയർന്നതിലൂടെ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പുവരുത്താൻ അതോറിറ്റിക്ക് കഴിയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.