മധ്യ പൗരസ്ത്യ ദേശം മുഴുവൻ കടും വേനലിൽ കത്തിയെരിമ്പോൾ ദൈവത്തിന്റെ വരദാനമായി സലാലയിൽ അനുഭവപ്പെടുന്ന തണുപ്പും ഈറൻ കാലാവസ്ഥയും വിനോദ സഞ്ചാരികൾക്ക് വൻ ആകർഷണമാവുന്നു. സാലാലയിലെ മഴയും മൂടൽ മഞ്ഞും ആസ്വദിക്കാൻ രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണെത്തുന്നത്.
വർഷം കഴിയും തോറും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം ഒരു ദശലക്ഷം വിനോദ സഞ്ചാരികൾ സലാലയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഖരീഫ് സീസണിൽ സലാലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളുണ്ട്.
അധികൃതർ സന്ദർശകർക്കായി കൂടുതൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സലാലയിലെ പൊതു ഗതാഗത സംവിധാനം പര്യാപ്തമല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പല വിനോദസഞ്ചാര കേന്ദ്രങ്ങളും ഏറെ ദൂരത്തായി കിടക്കുന്നതിനാൽ സ്വന്താമയി വാഹനങ്ങൾ ഉള്ളവർക്ക് മാത്രമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ കഴിയുക.