ഷിംല: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്തം വിതച്ച് മേഘവിസ്ഫോടനവും പേമാരിയും. ഉത്തരാഖണ്ഡിൽ 12 പേരും ഹിമാചൽ പ്രദേശിൽ അഞ്ചുപേരും മരിച്ചു. 56 പേരെ കാണാതായി.
രുദ്രപ്രയാഗിലെ റോഡുകള്‍ തകര്‍ന്നു. നിരവധിപ്പേരെ കാണാനില്ല. കേദാര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ മേഘവിസ്ഫോടനവുമുണ്ടായി. തെഹ്രിയിലെ ഒരു ഹോട്ടല്‍ മേഘവിസ്ഫോടനത്തില്‍ ഒലിച്ചുപോയി.
തീര്‍ത്ഥാടകര്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഭീം ബാലി പാത സഞ്ചാര യോഗ്യമല്ലാതായി. 200 ഓളം തീര്‍ത്ഥാകര്‍ അവിടെ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മന്ദാകിനി നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കേദാര്‍നാഥ്- സോന്‍പ്രയാഗ്- ഗൗരി കുണ്ഡ് റൂട്ടില്‍ വെള്ളം കയറി. മുന്‍ കരുതലിന്റെ ഭാഗമായി മന്ദാകിനി നദിയുടെ തീരത്തുള്ളവരെ ഒഴിപ്പിച്ചു. കേദാര്‍നാഥ് തീര്‍ത്ഥയാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സജ്ജമായിരിക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിര്‍ദേശിച്ചു.
ഹിമാചൽ പ്രദേശിലെ ഷിംല, മണ്ഡി, കുളു ജില്ലകളിലാണ് മേഘവിസ്ഫോടനമുണ്ടായത്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് 50ഓളം പേരെ കാണാനില്ല. റോഡുകൾ ഒഴുകിപ്പോയതിനാൽ രക്ഷാപ്രവർത്തനത്തിന് പ്രയാസം നേരിടുകയാണ്. കാണാതായവർക്കായി ഡ്രോണുകളുടെ സഹായവും തേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഇവിടെ രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്. കുല്ലു, ചംപാര, കങ്കാര എന്നിവിടങ്ങളില്‍ കനത്തമഴ തുടരുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഹിമാചല്‍ മുഖ്യമന്ത്രി ഠാകൂര്‍ സുഖ്വീന്ദര് സുകു നിര്‍ദേശം നല്‍കിയിട്ടുണ്ട്.