പുഞ്ചിരിമട്ടം: ചൂരൽമല അങ്ങാടിയിൽ നിന്ന് പുഞ്ചിരിമട്ടം ഗ്രാമത്തിലേക്ക് രണ്ടര കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളു. പക്ഷേ 2 ഗ്രാമങ്ങളെ മണ്ണുവിഴുങ്ങിയ ആ രാത്രിക്കു ശേഷം ചൂരൽമലയിൽനിന്ന് പുഞ്ചിരിമട്ടത്തേക്ക് 3 പകലിന്റെ ദൂരമുണ്ടായിരുന്നു. മുണ്ടക്കൈയിലെ മൺകൂനകൾക്കു മുകളിലൂടെ 2 മണ്ണുമാന്തിയന്ത്രങ്ങൾ ഇവിടെയെത്തിയത് ഇന്നലെ ഉച്ചയ്ക്കു ശേഷം; ദുരന്തത്തിന്റെ മൂന്നാം ദിനം.
മുണ്ടക്കൈ ഗ്രാമത്തിനുമപ്പുറത്താണ് പുഞ്ചിരിമട്ടം. ഉരുൾപൊട്ടലിൽ ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയാതായി. പിന്നീട് സൈന്യം നിർമിച്ച നടപ്പാലത്തിലൂടെയാണ് രക്ഷാപ്രവർത്തകർ അവിടേക്കെത്തിയത്. അപ്പോഴും ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു.
പുഴയിൽ വെള്ളം കുറഞ്ഞ സമയത്ത് 3 മണ്ണുമാന്തി യന്ത്രങ്ങളാണ് ആദ്യം ചൂരൽമലയിൽനിന്ന് അക്കരെയെത്തിയത്. എന്നാൽ മുണ്ടക്കൈയിലെ ദുരിതഭൂമിയിൽ തിരച്ചിൽ നടത്താൻ പോലും അതു മതിയാകുമായിരുന്നില്ല. ഇന്നലെ 2 വലിയ മണ്ണുമാന്തികൾ കൂടി അവിടെയെത്തി. മണ്ണും ചെളിയും നീക്കിയശേഷം അവ മലയോരത്തുകൂടി മുകളിലേക്ക് പതിയെക്കയറി. ഒപ്പം രക്ഷാപ്രവർത്തകരും. മുണ്ടക്കൈ അങ്ങാടിയിൽ നിന്ന് പുഞ്ചിരിമട്ടത്തേക്ക് പണ്ടുണ്ടായിരുന്ന റോഡിന്റെ ഒരു ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. ആദ്യ 2 ദിനങ്ങളിൽ യന്ത്രങ്ങൾ എത്താതിരുന്നതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു.