വാഷിങ്ടൺ: മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകുമെന്നും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇതുവരെ 316 മരണമാണ് ദുരന്തമുഖത്ത് റിപ്പോർട്ട് ചെയ്തത്. ഇരുനൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ഉണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.
അതിനിടെ സൈന്യം നിര്‍മിച്ച ബെയ്ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. ചൂരൽ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.