ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത് റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ബോംബ് പൊട്ടിച്ചെന്ന് വെളിപ്പെടുത്തല്‍. ഹനിയ്യയുടെ മുറിയില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് പൊട്ടിച്ചത്. രണ്ടുമാസത്തിനു മുമ്പെങ്കിലും ഹനിയ്യ താമസിച്ചിരുന്ന മുറിയില്‍ ബോംബ് സ്ഥാപിച്ചിരുന്നു. വടക്കന്‍ തെഹ്‌റാനിലെ സമ്പന്നരുടെ വാസസ്ഥലമായ നിശാത്ത് എന്ന പ്രദേശത്തുള്ള ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു സംഭവം. ദോഹയില്‍ താമസിക്കുന്ന ഹനിയ്യ തെഹ്‌റാനിലെത്തുമ്പോള്‍ സ്ഥിരമായി ഈ ഗസ്റ്റ് ഹൗസിലാണ് താമസം.
ഇവിടെ റെവല്യുഷണി ഗാര്‍ഡിന്റെ ശക്തമായ കാവലുള്ള ഇടം കൂടിയാണ്. സ്‌ഫോടനത്തില്‍ കെട്ടിടം ഒന്നാകെ ശക്തമായി കുലുങ്ങി. പുലര്‍ച്ചെ രണ്ടുമണിക്ക് വലിയ ശബ്ദം കേട്ട് ഞെട്ടിയ ഗസ്റ്റ്ഹൗസ് ജീവനക്കാരും സുരക്ഷാഉദ്യോഗസ്ഥരും എന്താണ് സംഭഴിക്കുന്നതെന്നു പോലും മനസ്സിലാകാതെ കുഴങ്ങുകയായിരുന്നു. ഹനിയ്യയുടെ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്,
ഇസ്രയേലി ചാര സംഘടനയായ മൊസാദിന്റെ ഓപ്പറേഷനുകള്‍ കൃത്യമായി മനസ്സിലാക്കാനുള്ള ബന്ധം സൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ റോനെന്‍ ബര്‍ഗ്മാനാണ്. ഞെട്ടിക്കുന്ന ഈ കണ്ടെത്തലുകള്‍ ന്യൂയോര്‍ക് ടൈംസ് വ്യാഴാഴ്ച രാത്രി പുറത്തുവിടുകയും ചെയ്തിരുന്നു. ബര്‍ഗ്മാന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തെഹ്‌റാനില്‍ ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് മുറിയിലുണ്ടായ ബോംബ് സ്‌ഫോടനമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാന്‍ കഴിയും. അതായത്, ഹമാസ് നേതാവിനെ കൊന്നത് മൊസാദ് തന്നെയെന്ന് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നു.
തെഹ്‌റാനിലുണ്ടായിരുന്ന ഹമാസിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഖലീല്‍ അല്‍ഹയ്യ ഉടന്‍ സ്ഥലത്തെത്തി നേതാവിന്റെ മൃതദേഹം കണ്ടു. ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ജനറല്‍ ഇസ്മായില്‍ ഗനിയെ ഉടന്‍ വിവരമറിയിച്ചു. അദ്ദേഹമാണ് പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമയ്‌നിയെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ദുരന്ത വാര്‍ത്ത അറിയിച്ചത്. ഗസ്റ്റ് ഹൗസിലെ മെഡിക്കല്‍ ടീം വേഗത്തില്‍ ഹനിയ്യയുടെ മുറിയിലെത്തിയെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അപ്പോഴും അംഗരക്ഷകന് ജീവനുണ്ടായിരുന്നു. പ്രാഥമിക ശുശ്രുഷ നല്‍കുന്നതിനിടെയാണ് അയാളും മരിച്ചത്.
ഹനിയ്യയുടെ മരണ വിവരം പുറത്തറിയുന്നത്, നാലുമണിക്കൂറിന് ശേഷം പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രസ്താവനയിലൂടെയാണ്. പിന്നാലെ ഖാംനഈ ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളെ വസതിയിലേക്ക് വിളിച്ചുവരുത്തുകയും ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തത്. സംഭവത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തിട്ടില്ലെങ്കിലും കഴിഞ്ഞ മണിക്കൂറുകളില്‍ യു.എസ് ഉള്‍പ്പെടെ ചില രാഷ്ട്രങ്ങള്‍ക്ക് ഓപറേഷന്റെ വിവരങ്ങള്‍ ഇസ്രയേല്‍ കൈമാറിയെന്നാണ് സൂചന.
കൊലപാതകത്തെ കുറിച്ച് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു. ഹനിയ്യയുടെ മരണം പുറത്തുവന്നയുടന്‍ ഒരു മിസൈലാക്രമണമാകും എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. റെവല്യുഷണറി ഗാര്‍ഡിന്റെ കാവലിലുള്ള കെട്ടിടത്തില്‍ ബോംബ് വെക്കാന്‍ കഴിഞ്ഞത് ഇറാന്റെ സുരക്ഷാസംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നാണ് തെളിയിക്കുന്നത്. അതുകൊണ്ടാണ് ഇസ്രയേലി നുഴഞ്ഞുകയറ്റം ഉണ്ടായത്. എന്നാണ് വിലയിരുത്തല്‍.
പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മയില്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുമ്പ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംഭവത്തില്‍ ഇറാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ മാര്‍ഗത്തിന്റെ കൊല്ലപ്പെട്ടവരെ മരിച്ചവരായി കണക്കാക്കരുതെന്ന് ഹമാസ് അനുശോചന സന്ദേശത്തില്‍ പറയുന്നു. മറിച്ച് അവര്‍ തങ്ങളുടെ രക്ഷിതാവിങ്കില്‍ ജീവിച്ചിരിക്കുന്നു. നമ്മുടെ മഹത്തായ പലസ്തീന്‍ ജനതയുടെയും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെയും ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും ജനങ്ങളോട് ഹമാസ് അനുശോചനം രേഖപ്പെടുത്തുന്നു. പ്രസ്ഥാനത്തിന്റെ നേതാവും പോരാളിയും രക്തസാക്ഷിയുമായ അദ്ദേഹം ഇറാനിലെ താമസസ്ഥലത്ത് സയണിസ്റ്റ് വഞ്ചനയിലൂടെയാണ് വിടപറഞ്ഞത്.
നാം അല്ലാഹുവിന്റേതാണ്, അവനിലേക്കാണ് നാം എല്ലാവരും മടങ്ങുക. അത് വിജയത്തിന്റെയോ രക്തസാക്ഷിതത്വത്തിന്റെയോ ജിഹാദാണെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. 62കാരനായ ഹനിയ്യ നിലവില്‍ ഖത്തറിലാണ് കഴിഞ്ഞിരുന്നത്. 2017 മെയിലാണ് ഇദ്ദേഹം ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേല്‍ ആക്രമണത്തിനിടെ ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ പത്തിന് പെരുന്നാള്‍ ദിനത്തില്‍ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
മക്കളായ ഹസിം ഹനിയ്യ, ആമിര്‍ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമല്‍, മോന, ഖാലിദ്, റസാന്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ‘എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാള്‍ പ്രിയപ്പെട്ടതല്ല’ എന്നായിരുന്നു മക്കളെ കൊലപ്പെടുത്തിയ വിവരം അറിഞ്ഞപ്പോള്‍ ഇസ്മയില്‍ ഹനിയ്യ പ്രതികരിച്ചത്.അതേസമയം, ഹമാസ് രാഷ്ട്രീയകാര്യ സമിതി അദ്ധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ച് യു.എന്‍ രക്ഷാസമിതി.
കൊലപാതകത്തോടെ മേഖലയില്‍ രൂക്ഷമായേക്കാവുന്ന സംഘര്‍ഷങ്ങള്‍ തടയാന്‍ നയതന്ത്ര തലത്തിലുള്ള ശ്രമങ്ങള്‍ വേഗത്തില്‍ നടത്തണമെന്നും യു.എന്‍ രക്ഷാസമിതിയിലെ രാജ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ഇറാനും ഹമാസും, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അടിയന്തരമായി സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തത്. തെഹ്റാനിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നുണ്ട്.
സുരക്ഷാ കൗണ്‍സിലില്‍ സംസാരിച്ച ചൈനീസ് അംബാസിര്‍, ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ചു. സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്ന് ചൈനീസ് അംബാസിഡര്‍ ഫു കോങ് വ്യക്തമാക്കി. ഹനിയ്യയുടെ കൊലപാതകത്തോടെ മേഖലയില്‍ രൂക്ഷമായേക്കാവുന്ന സംഘര്‍ഷങ്ങളില്‍ ചൈന ആശങ്ക പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തെ അപലപിക്കുമ്പോഴും പ്രദേശത്തെ അസ്ഥിരപ്പെടുത്തിയത് ഇറാനാണെന്നാണ് അമേരിക്കയും ബ്രിട്ടനും ആരോപിച്ചു.
അന്താരാഷ്ട്ര നിയമവും ഇറാന്റെ പരമാധികാരവും ലംഘിക്കുന്ന ‘ഭീകര പ്രവൃത്തി’ എന്നാണ് ആക്രമണത്തെ അള്‍ജീരിയ പ്രതിനിധി അമര്‍ ബെന്‍ജാമ വിശേഷിപ്പിച്ചത്. ” കേവലം ഒരാള്‍ക്ക് നേരെയുള്ള ആക്രമണം മാത്രമല്ലിത്. നയതന്ത്ര ബന്ധങ്ങളുടെ അടിത്തറയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും പവിത്രതയ്ക്കും നേരെയുള്ള ഹീനമായ ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തുടര്‍ച്ചയായുള്ള പ്രകോപനങ്ങളില്‍ തെഹ്‌റാന്‍ പരമാവധി സംയമനം പാലിച്ചിട്ടുണ്ടെന്നും എന്നാല്‍ ഹനിയ്യയുടെ കൊലപാതകത്തോട് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും ഇറാന്റെ യു.എന്‍ അംബാസഡര്‍ അമീര്‍ സഈദ് ഇരവാനി പറഞ്ഞു. അക്രമങ്ങളില്‍ ഇസ്രായേലിനെ അപലപിക്കാനും ആ രാജ്യത്തിന് മേല്‍ ഉപരോധങ്ങളേര്‍പ്പെടുത്താനും അദ്ദേഹം സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങളില്‍ അമേരിക്കയേയും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ തന്ത്രപരമായ സഖ്യകക്ഷിയെന്ന നിലയില്‍ അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹിസ്ബുള്ളയുടെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഫുവാദ് ഷുക്കറിനെ ഇസ്രായേല്‍ കൊലപ്പെടുത്തി 24 മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനിയ്യയുടെ കൊലപാതകവും സംഭവിക്കുന്നത്. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഫുവാദ് ഷുക്കറിനെ കൊലപ്പെടുത്തിയത്. ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു.
content high lights; Mossad killed? : Ismail Haniya’s death, the remote control bomb planted in the guest house exploded?