വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന രുചികരവും വ്യത്യസ്തവുമായ ഒരു വിഭവമാണ് തന്തൂരി മുട്ട. പലരുടെയും ഇഷ്ട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പുഴുങ്ങിയ മുട്ട – 6-7 എണ്ണം
- പ്ലെയിൻ യോഗർട്ട് – 1 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ചുവന്ന മുളക് പൊടി – 1 ടേബിൾ സ്പൂൺ
- നാരങ്ങ നീര് – 1 ടേബിൾസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- എണ്ണ (വെജിറ്റബിൾ അല്ലെങ്കിൽ ഒലിവ് ഓയിൽ) 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മിക്സിങ് പാത്രത്തിൽ, തൈര്, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ചുവന്ന മുളകുപൊടി, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് കുഴമ്പുരൂപത്തിലുള്ള പേസ്റ്റ് ആക്കി എടുക്കുക. പുഴുങ്ങിയ മുട്ടകൾക്ക് മേൽ ഫോർക്ക് കൊണ്ട് തുളകൾ ഇടുക. ഈ മുട്ടകൾ ഇപ്പോൾ ഉണ്ടാക്കിവെച്ച പേസ്റ്റിൽ ഇട്ട്, എല്ലാ വശത്തും മസാല പൊതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മാരിനേറ്റ് ചെയ്ത ശേഷം, ഒരു ഗ്രിൽ പാൻ എടുത്ത് ഇടത്തരം തീയിൽ ചൂടാക്കി, കുറച്ച് എണ്ണ ഉപയോഗിച്ച് ബ്രഷ് ചെയ്യുക. ഗ്രിൽ പാൻ ചൂടായിക്കഴിഞ്ഞാൽ, മാരിനേറ്റ് ചെയ്ത മുട്ട ഇതിൽ വയ്ക്കുക, ഇത് ഏകദേശം 3-4 മിനിറ്റ് വേവിക്കുക. എല്ലാ വശത്തും ഒരുപോലെ ബ്രൌൺ നിറമാകണം. കരിഞ്ഞു പോകാതെ സൂക്ഷിക്കുക. ശേഷം, ഈ തന്തൂരി മുട്ടകൾ ഗ്രിൽ പാനിൽ നിന്നും സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. ഇത് ഒരു തന്തൂരി സ്റ്റിക്കിന് മുകളിൽ കുത്തി വയ്ക്കുക. ഈ മുട്ടകൾ ഗ്രീൻ ചട്ണി ഡിപ്പിനൊപ്പം ചൂടോടെ വിളമ്പുക.