സേമിയകൊണ്ട് സാധാരണ പായസവും ഉപ്പുമാവുമാണല്ലേ തയ്യാറാക്കാറുള്ളത്, എന്നാൽ ഒരു വെറൈറ്റി പരീക്ഷിച്ചാലോ? കിടിലൻ സ്വാദിൽ ഒരു സേമിയ ബിരിയാണി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- സേമിയ – 500 ഗ്രാം
- നെയ്യ് – 200 ഗ്രാം
- പട്ട – 2 എണ്ണം
- ഗ്രാമ്പു – 2 എണ്ണം
- ഏലയ്ക്ക – 2 എണ്ണം
- ഉള്ളി – 2 എണ്ണം
- കുരുമുളക് പൊടി – 1 സ്പൂൺ
- മുളക് പൊടി – 1/2 സ്പൂൺ
- മഞ്ഞൾ പൊടി – 1/2 സ്പൂൺ
- ഗരം മസാല – 1/2 സ്പൂൺ
- അണ്ടി പരിപ്പ് – 250 ഗ്രാം
- മുന്തിരി – 250 ഗ്രാം
- ഉപ്പ് – 1 സ്പൂൺ
- ബെ ലീഫ് – 1 എണ്ണം
- ക്യാരറ്റ് – 1 കപ്പ്
- ബീൻസ് – 1 കപ്പ്
- പൈനാപ്പിൾ ഫ്ലവർ – 1/4 സ്പൂൺ
- മല്ലിയില – 4 സ്പൂൺ
- നാരങ്ങാ നീര് – 1 നാരങ്ങായുടെ നീര്
തയ്യാറാക്കുന്ന വിധം
ആദ്യം സേമിയ നല്ലപോലെ ഒന്ന് നെയിൽ വറുത്തെടുക്കുക. അതിനുശേഷം അത് മാറ്റി വച്ചിട്ട് നെയ്യ് ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക ചേർത്തു കൊടുത്തു സവാള നീളത്തിൽ ചെറുതായിട്ട് അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നല്ല പോലെ ഒന്ന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക.അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ക്യാരറ്റ്, ബീൻസ് ചേർത്ത് അടച്ചുവെച്ച് നന്നായിട്ട് ഒന്ന് വേവിച്ചെടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം മാത്രം ഒഴിച്ചു കൊടുത്തു ഈ വെള്ളം നന്നായിട്ട് തിളച്ചു കഴിയുമ്പോൾ അതിലേക്ക് സേമിയ കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക.
ഇതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. വെന്ത് പാകത്തിനായി കഴിയുമ്പോൾ തണുക്കാൻ ആയിട്ട് വയ്ക്കുക. എന്നിട്ട് എല്ലാം നല്ലപോലെ വിട്ടു വരുന്ന പോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് പൈനാപ്പിളിന്റെ ഫ്ലേവർ കൂടി ചേർത്ത് കൊടുക്കുക. വളരെ പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ബിരിയാണിയാണ് സേമിയ ബിരിയാണി. തയ്യാറാക്കുന്നതിന് അവസാനമായിട്ട് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും,മുന്തിരിയും കൂടെ വച്ച് അലങ്കരിക്കാവുന്നതാണ്. മല്ലിയില കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.