തയ്യാറാക്കാന്‍ എളുപ്പവും കഴിക്കാൻ വളരെയേറെ രുചികരവുമായ ബൺ ദോശ റെസിപ്പി നോക്കിയാലോ? പേരുപോലെ തന്നെ സോഫ്റ്റാണ് ഈ ബൺ ദോശ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ചരി- രണ്ട് കപ്പ്
- ഉലുവ- 1/2 ടീസ്പൂൺ
- അവിൽ- ഒരു കപ്പ്
- തേങ്ങ- ഒരു കപ്പ്
- വെള്ളം- ആവശ്യത്തിന്
- ഉപ്പ്- പാകത്തിന്
- വെളിച്ചെണ്ണ- നാല് ടീസ്പൂൺ
- കടുക്- ഒരു ടീസ്പൂൺ
- ഉഴുന്നുപരിപ്പ്- രണ്ട് ടീസ്പൂൺ
- പച്ചമുളക്- അഞ്ചെണ്ണം
- കറിവേപ്പില- രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
അരിയും ഉലുവയും കഴുകി അഞ്ച് മണിക്കൂർ കുതിർക്കണം. ശേഷം അവിൽ കഴുകി അല്പം വെള്ളം തളിച്ചിളക്കി വയ്ക്കുക. ഇനി കുതിർത്ത അരി-ഉലുവയും അവിലും തേങ്ങയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മയത്തിൽ അരച്ച് പാകത്തിന് ഉപ്പ് ചേർത്തിളക്കി പുളിക്കാൻ വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് ചേർത്ത് മൂക്കുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചെറുതായി മുറിച്ചത് ചേർത്ത് വഴറ്റി മാവിലേക്ക് ചേർത്തിളക്കി വയ്ക്കുക. ഇനി അപ്പച്ചട്ടി ചൂടാക്കി ഒരു തവിയില്‍ മാവൊഴിച്ച് അടച്ചു വച്ച് ആവിയിൽ വേവിക്കുക. ബാക്കി മാവും ഇതേപോലെ ചെയ്യുക. ഇതോടെ നല്ല രുചികരമായ ഓയിൽ ഫ്രീ സോഫ്റ്റ് ബൺ ദോശ തയ്യാറായി കഴിഞ്ഞു.