കേരളത്തിന്റെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന ഒരിടമാണ് കന്യാകുമാരി. പണ്ട് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇവിടം വിഭജനവും കേരളത്തിന്റെ രൂപീകരണവും സംഭവിച്ചപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമാവുകയായിരുന്നു. വിവേകാനന്ദ സ്വാമികള്‍ കടല്‍നീന്തിക്കടന്ന് പ്രാര്‍ഥിക്കുവാനായി പോയി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് വിവേകാന്ദപ്പാറ. ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പില്‍ നിന്ന് 500 മീറ്ററോളം അകലെ കടലിലായി സ്ഥിതിചെയ്യുന്ന രണ്ടു പാറകളില്‍ ഒന്നാണ് വിവേകാനന്ദപ്പാറ. 1970 സെപ്റ്റംബര്‍ 2 ന് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരിയാണ് ഈ സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ദേവി കന്യാകുമാരി ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണുള്ളത്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു. പുരാതന കാലം മുതല്‍, ഈ പാറ ഒരു പുണ്യസ്ഥലമായി കണക്കാക്കപ്പെട്ടിരുന്നു. പുരാണ പാരമ്പര്യത്തില്‍ ഇത് അറിയപ്പെടുന്നത് ‘ശ്രീപാദ പാറൈ എന്നാണ്. അതായത് ദേവിയുടെ ശ്രീപാദങ്ങളുടെ സ്പര്‍ശനത്താല്‍ അനുഗ്രഹിക്കപ്പെട്ട പാറ എന്നാണര്‍ത്ഥം
1962 ജനുവരിയില്‍ സ്വാമി വിവേകാനന്ദന്റെ നൂറാം ജയന്തിയോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയില്‍ ഒരു സ്മാരകം പണിയണമെന്ന് കന്യാകുമാരി നിവാസികള്‍ക്കാഗ്രഹമുണ്ടായി. തീരത്തു നിന്നും പാറയിലേക്ക് പ്രവേശനം സുഗമമാക്കണമെന്നും അഭിപ്രായമുണ്ടായി. പാറയില്‍ വിവേകാനന്ദ സ്മാരകം പണിയുക, അതിലേക്ക് നടപ്പാലം നിര്‍മ്മിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി കന്യാകുമാരിയിലെ ഏതാനം നിവാസികള്‍ ചേര്‍ന്ന് കന്യാകുമാരി കമ്മിറ്റിക്ക് രൂപം നല്‍കി. മദ്രാസിലെ രാമകൃഷ്ണ മിഷനും ഇതേ ആശയമുണ്ടായിരുന്നു. ഇരു സംഘടനകളും വിവേകാനന്ദ സ്മാരകം എന്ന ഉദ്യമത്തിനായി ഒന്നിച്ചെങ്കിലും പ്രദേശവാസികളും കത്തോലിക്കരുമായ മുക്കുവര്‍ക്കിടയില്‍ ഈ ഉദ്യമത്തിനെതിരായി എതിര്‍പ്പുണ്ടായി.
തുടര്‍ന്ന് കരയില്‍ നിന്നും കാണാവുന്ന വിധത്തില്‍ ഒരു വലിയ കുരിശ് അവര്‍ പാറയില്‍ നാട്ടി. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ഹൈന്ദവര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം വ്യാപിച്ചു. തങ്ങളുടെ ആരാധനാ സ്ഥലമായ പാറയില്‍ കുരിശ് നാട്ടിയ നടപടിയെ അവര്‍ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഒടുവില്‍ പാറ വിവേകാനന്ദ പാറയാണെന്നും കുരിശ് നാട്ടിയത് കടന്ന് കയറ്റമാണെന്നും മദ്രാസ് സര്‍ക്കാരിന്റെ ജുഡീഷ്യല്‍ കമിറ്റി റിപ്പോര്‍ട്ട് വന്നു.
വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപമാണ് അവിടുത്തെ മുഖ്യാകര്‍ഷണം. 17 മീറ്റര്‍ ഉയരത്തിലാണ് വിവേകാനന്ദന്റെ പ്രതിമ ഇവിടെയുള്ളത്. ആറേക്കറോളം സ്ഥലത്തായാണ് ഈ പാറ പരന്നു കിടക്കുന്നത്.
സന്ദര്‍ശകര്‍ക്ക് ധ്യാനിക്കാനുളള ധ്യാന മണ്ഡപവും ഇതിനോടനുബന്ധിച്ചുണ്ട്. ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിര്‍മ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്. ബംഗാള്‍ ഉള്‍ക്കടലും, അറബിക്കടലും, ഇന്ത്യന്‍ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെനിന്നും ദര്‍ശിക്കാവുന്നതാണ്. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിവയാണ് പാറയിലുള്ള മുഖ്യമായ രണ്ട് നിര്‍മ്മിതികള്‍.