Travel

സമ്പന്നർക്ക് മാത്രമല്ല സാധാരണക്കാർക്കും ആസ്വദിക്കാം മാലിദ്വീപ്; കുറഞ്ഞ ചെലവിൽ പോകാൻ ഇങ്ങനെ പ്ലാൻ ചെയ്യൂ…| Is Maldives your dream destination

സഞ്ചാരികളുടെ ഡ്രീം ഡെസ്റ്റിനേഷനാണ് മാലിദ്വീപ്. ഒരിക്കലെങ്കിലും അവിടെ എത്തിപ്പെടണമെന്നും അവിടുത്തെ കാഴ്ചകൾ ആസ്വദിക്കണമെന്നും ആ​ഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഇവിടെ പോവാൻ വലിയ ചിലവാണ് വേണ്ടിവരുക എന്നതാണ് പൊതുവെ ഉള്ള വെപ്പ്. എങ്കിലും മാലിദ്വീപിലെ ഓരോ കൗതുകങ്ങളെയും അറിഞ്ഞ് തിരഞ്ഞെടുത്താൽ അവിടെയും കുറഞ്ഞ ബജറ്റിൽ ആഘോഷിക്കാം.

ഭക്ഷണ സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ആദ്യം തിരിച്ചറിയേണ്ട ഒരു വസ്തുത, സ്വാദേറിയ ആഹാരം വിളമ്പുന്ന ഒരിടം കൂടിയാണ് മാലിദ്വീപ് എന്നതാണ്. ചൂരയാണ് ഇവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം. ചോറും മീൻകറിയുമൊക്കെ ഉൾപ്പെടുന്ന ഇവിടുത്തെ ഭക്ഷണം നമ്മുടെ നാട്ടിലെ വിഭവങ്ങളോടു സാദൃശ്യമുള്ളതാണ്. താമസസ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുന്ന പാക്കേജുകളെ ആശ്രയിക്കാം. അങ്ങിനെയെങ്കിൽ ഭക്ഷണത്തിനായി മറ്റ് ഹോട്ടലുകളെ തേടി പോകേണ്ടി വരില്ല. ഫുലിദൂ പോലുള്ള കൊച്ചു ദ്വീപുകളിൽ പൊതുവെ റെസ്റ്റോറെൻരുകൾ കുറവാണ്. അതുകൊണ്ടു തന്നെ അവിടെ എല്ലാ ഭക്ഷ്യശാലകളിലും അത്യാവശ്യം തുക ഈടാക്കും. എന്നാൽ മാഫുഷി പോലുള്ള വലിയ ദ്വീപുകളിൽ നിരവധി റെസ്റ്റോറന്റുകളുണ്ട്. നമ്മുടെ ബജറ്റിനനുസരിച്ച് ചെറിയ റെസ്‌റ്റോറന്റുകളെ തെരെഞ്ഞെടുക്കാവുന്നതാണ്.

വിനോദസഞ്ചാരമാണ് ഈ ദ്വീപ് രാജ്യത്തിലെ പ്രധാന വരുമാന മാർഗമെന്നിരിക്കെ അതിമനോഹരമായ ധാരാളം കാഴ്ചകളും സൗകര്യങ്ങളുമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. അവയിൽ വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബര സൗകര്യങ്ങൾ അടങ്ങുന്ന മുന്തിയ റിസോർട്ടുകളുമുണ്ട്. കയ്യിലുള്ള പണത്തിനനുസരിച്ച് താൽപര്യം പോലെ അവ തെരെഞ്ഞെടുക്കാം. പണച്ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങൾ കണ്ടെത്തുന്നത് പോലെ തന്നെ ചെലവ് കുറയ്‌ക്കാനുള്ള മറ്റൊരു മാർഗമാണ് യാത്രയ്‌ക്കായി ലോക്കൽ ഫെറികളെ ആശ്രയിക്കുക എന്നത്. റിസോർട്ടിലേക്ക് പോകാൻ സ്പീഡ് ബോട്ടുകൾ മാത്രമാണ് ലഭിക്കുക. വളരെ വലിയ തുക ഈടാക്കുന്ന സ്പീഡ് ബോട്ടുകളേക്കാൾ നമുക്ക് ആശ്രയിക്കാൻ സൗകര്യം തദ്ദേശീയരായ മത്സ്യത്തൊഴിലാളികളായിരിക്കും. വളരെ കുറഞ്ഞ തുകയിൽ റിസോർട്ടിന് സമീപത്തെത്താൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ സഹായിക്കും. വേണ്ടത്ര മത്സ്യത്തൊഴിലാളികളും മാലിദ്വീപിൽ സുലഭമാണ്.

അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമ ഭൂമിയായ മാലിദ്വീപിലേക്ക് പോകാൻ സങ്കീർണമായ വിസ നടപടികൾ ആവശ്യമില്ലെന്നതാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വസ്തുത. അതുകൊണ്ട് തന്നെ ഇന്ത്യൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇവിടെയെത്തിച്ചേരാൻ പ്രയാസമില്ല. ബാച്ചിലേഴ്‌സിനെയും ദമ്പതിമാരെയും മാത്രമല്ല, കുടുംബമായെത്തുന്നവരെയും കുട്ടികളെയുമെല്ലാം ഇവിടുത്തെ കാഴ്ചകൾ വരവേൽക്കുന്നതാണ്.

content highlight: Is Maldives your dream destination