Travel

52 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശിവരൂപം; ശിവഭക്തര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ആഴിമല ക്ഷേത്രം- Aazhimala Shiva Temple

വിഴിഞ്ഞത്തെ അതിമനോഹരമായ ഒരു ഗ്രാമമാണ് ആഴിമല. സംസ്ഥാനത്ത് തന്നെ വലിയ ഒരു പ്രത്യേകതയുളള സ്ഥലം കൂടിയാണ് ആഴിമല. ആഴിമല ശിവക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് പൂവാര്‍-വിഴിഞ്ഞം റോഡിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാണ്ഡ്യ രാജവംശത്തിന്റെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് പറയപ്പെടുന്നത്.

നിബിഡ വനങ്ങളാല്‍ ചുറ്റപ്പെട്ട ഒരു കുന്നിന്‍ മുകളിലാണ് ആഴിമല സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ കടലിന്റെയും സമീപ ഗ്രാമങ്ങളുടെയും വിശാലമായ കാഴ്ച കാണാന്‍ സാധിക്കുന്നു. ക്ഷേത്രത്തിന് ചുറ്റും ശിവഗംഗ എന്നറിയപ്പെടുന്ന ഒരു കുളവും കാണാം. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മനോഹരമായ കൊത്തുപണികളും ഹൈന്ദവ മത കഥകളിലെ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ഗംഗാധരേശ്വര പ്രതിമ അല്ലെങ്കില്‍ ആഴിമല ശിവ പ്രതിമ എന്നറിയപ്പെടുന്ന ആഴിമല ശിവക്ഷേത്രത്തിന്റെ പ്രതിമ 52 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 29 കാരനായ പി എസ് ദേവദത്തനാണ് ഈ ശില്‍പ്പം പണിതെടുത്തത്. ആറ് വര്‍ഷമെടുത്താണ് ഈ ശില്‍പ്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 2021 ഡിസംബര്‍ 31 നാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.

ആഴിമല ശിവക്ഷേത്രം അതിന്റെ തനതായ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും പേരുകേട്ടതാണ്. എല്ലാ ചൊവ്വാഴ്ചയും, ക്ഷേത്രത്തില്‍ വിശ്വാസികള്‍ ഒത്തുകൂടി, നാരങ്ങ വിളക്ക് ഒരുക്കാറുണ്ട്. ഈ വിളക്കുകള്‍ കടലിലേക്ക് ഒഴുക്കാറുമുണ്ട്. നാരാങ്ങ രണ്ടായി മുറിച്ച്, അതിന്റെ പുറം തോട് കമഴ്ത്തി വെച്ച് അതിലാണ് ദീപം കൊളുത്തുന്നത്. ഒരു പ്രത്യേക ദൃശ്യാനുഭവം തന്നെയാണ് ഈ വിളക്കുകള്‍ സമ്മാനിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഈ ദീപം കൊളുത്താന്‍ പല സ്ഥലങ്ങളില്‍ നിന്നും ഇവിടേക്കെത്തുന്നത്. മഹാശിവരാത്രി ദിവസം ഇവിടെ പ്രത്യക പൂജകളും വഴിപാടുകളും നടത്താറുണ്ട്.

ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് നടക്കുന്നത്. ഇത് ധാരാളം ഭക്തരെ ആകര്‍ഷിക്കുന്ന ഒരു സുപ്രധാന സംഭവമാണ്. സന്ദര്‍ശകര്‍ക്ക് മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് മാത്രമേ അകത്തേക്ക് കയറാന്‍ കഴിയുളളൂ. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് പാദരക്ഷകള്‍ നീക്കം ചെയ്യേണ്ടതും നിര്‍ബന്ധമാണ്. ക്ഷേത്രത്തിനുള്ളില്‍ തുപ്പുന്നതും ചെടികളില്‍ തൊടുന്നതും അനുവദനീയമല്ല. ക്ഷേത്രത്തില്‍ ഫോട്ടോഗ്രാഫി അനുവദനീയമാണ്, എന്നാല്‍ സന്ദര്‍ശകര്‍ ദേവതകളുടെ ചിത്രങ്ങള്‍ എടുക്കുന്നതിന് മുമ്പ് അധികാരികളുമായി ബന്ധപ്പടേണ്ടതാണ്.