വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്ക് തണലൊരുക്കാൻ നാഷനൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) അംഗങ്ങളും. ഉരുൾപൊട്ടലിൽ പാർപ്പിടം നഷ്ടമായ 150 കുടുംബങ്ങൾക്ക് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തിൽ പങ്കുചേർന്ന് വീടുകൾ നിർമിച്ചു നൽകുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. സംസ്ഥാന നാഷനൽ സർവീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക.
കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ.ടി.ഐ തുടങ്ങിയവയിലെയും എൻ.എസ്.എസ് സെല്ലുകളുടെ കീഴിലുള്ള യൂണിറ്റുകളും എൻ.എസ്.എസ് മുൻ പ്രോഗ്രാം കോഡിനേറ്റർമാരും സംസ്ഥാന ഓഫീസർമാരും ഈ ദൗത്യത്തിൽ പങ്കാളികളാകും. ദുരന്തദിനത്തിൽ തന്നെ എൻ.എസ്.എസ്/എൻ.സി.സി അംഗങ്ങൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ആ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള കൂടുതൽ സമാശ്വാസ പ്രവർത്തനങ്ങളും ദുരന്തമേഖലയിൽ എൻ.എസ്.എസ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിതർക്ക് മാനസികാഘാതം മറികടക്കാൻ വേണ്ട വിദഗ്ധ കൗൺസലിങ്ങും എൻ.എസ്.എസ് സജ്ജമാക്കും. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ ‘ബാക്ക് ടു സ്‌കൂൾ, ബാക്ക് ടു കോളജ്’ ക്യാമ്പയിനും എൻ.എസ്.എസ് രൂപകല്പന ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു സ്കൂളി’ന്റെ ഭാഗമായി ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ നൽകും. ആരോഗ്യ സർവകലാശാല എൻ.എസ്.എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടേയും സേവനം വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.