Wayanad

റഡാര്‍ പരിശോധനയില്‍ ജീവസാന്നിധ്യം; മുണ്ടക്കൈയില്‍ മണ്ണുമാറ്റി പരിശോധന | Live presence on radar inspection; Soil removal test at Mundakai

വയനാട്ടിലെ ദുരന്തഭൂമിയില്‍ നാലാം ദിനവും എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. പരിശോധനയ്ക്കിടെ മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണര്‍ത്തുന്ന ഒരു സിഗ്‌നല്‍ റഡാറില്‍ ലഭിച്ചു.

മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന റഡാര്‍ പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണര്‍ത്തുന്ന സിഗ്‌നല്‍ ലഭിച്ചത്. ഇത് മനുഷ്യജീവന്‍ തന്നെ ആകണമെന്നില്ലെങ്കിലും പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തകര്‍ മണ്ണുകുഴിച്ചുകൊണ്ടിരിക്കുകയാണ്. സിഗ്‌നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്ത നിവാര ഏജന്‍സിയാണ് പരിശോധന നടത്തുന്നത്.

ഒരു കെട്ടിടത്തിന് സമീപത്തുനിന്നാണ് സിഗ്‌നല്‍ കിട്ടിയത്. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ റഡാറിലാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റും മണ്ണും നീക്കിയാണ് കുഴിയെടുത്ത് പരിശോധിക്കുന്നത്. സിഗ്‌നല്‍ സംവിധാനത്തെ ബാധിക്കുമെന്നുള്ളതുകൊണ്ട് മറ്റു മണ്ണുമാന്തി യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടാണ് ഇവിടെ പരിശോധന തുടരുന്നത്.