മേപ്പാടി: വയനാട് മുണ്ടക്കൈ ദുരന്തഭൂമിയില്‍ വെള്ളിയാഴ്ചയും സന്ദര്‍ശനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്തും പരിസര പ്രദേശങ്ങളിലും ഇരുവരും സന്ദർശനം നടത്തി.
പ്രതികൂല സാഹചര്യങ്ങൾ കാരണം വ്യാഴാഴ്ച ഇവിടേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ആദ്യദിനം ചൂരൽമലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രിയിലും രാഹുൽ സന്ദര്‍ശനം നടത്തി, ദുരിതബാധിതരെ ആശ്വസിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ല അധികൃതരുമായി രാഹുല്‍ സംസാരിച്ചു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫിസിൽ വെച്ചായിരുന്നു ചര്‍ച്ച. മന്ത്രി മുഹമ്മദ് റിയാസുമായും കൂടിക്കാഴ്ച നടത്തി.
ആദ്യം പുഞ്ചിമട്ടത്തേക്ക് പോയ രാഹുൽ ഗാന്ധി തുടർന്ന് മുണ്ടക്കൈയിലേക്ക് എത്തുകയായിരുന്നു. ദുരന്തമുണ്ടായ ഓരോയിടവും സന്ദർശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവർത്തനമുൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുന്നെന്ന് രാഹുല്‍ പറഞ്ഞു. ‘ഇന്നലെ മുതല്‍ ഇവിടെയുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഇതൊരു ഭീകര ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പഞ്ചായത്ത് അധികൃതരുമായും ഭരണകൂടവുമായും ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും രക്ഷാദൗത്യത്തെ കുറിച്ചും സംസാരിച്ചു’ -രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകൾ താൻ സന്ദർശിച്ചിരുന്നു. വിഷയത്തിൽ ഇന്ന് അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. അപകടത്തിന്റെ തീവ്രതയും എത്ര വീടുകൾ തകർന്നെന്നും അവർ അറിയിച്ചു. ദുരന്തത്തിന് ഇരയായവർക്ക് കഴിയുംവിധം സഹായം ചെയ്യുമെന്ന് താനും ഉറപ്പ് നൽകി. വിഷയം പാർലമെന്റിൽ ഉന്നയിക്കും. മുഖ്യമന്ത്രിയുമായും സംസാരിക്കും. ഇതൊരു വ്യത്യസ്തമായ ദുരന്തമാണ്, ആ നിലയ്ക്കു തന്നെ അത് കൈകാര്യം ചെയ്യും.
കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപെട്ടവരുടെ പുനരധിവാസം വളരെ പ്രധാനമാണ്. ദുരന്തത്തിൽ തകർന്നയിടത്തേക്ക് തിരിച്ചുപോവാനാവില്ലെന്ന് നിരവധി പേർ തന്നോട് പറഞ്ഞു. അതിനാൽ സുരക്ഷിതമായ സ്ഥലത്ത് അവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുണ്ടക്കൈ ദുരന്തമേഖലയിൽ നാലാം ദിനവും രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്തത്തിൽ ഇതുവരെ 319 പേരാണ് മരിച്ചത്. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.