തിരുവനന്തപുരം: വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
നാളെ ഗവർണർമാരുടെ യോഗത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാൻ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിക്കും മുൻപിലായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവര്‍ണര്‍മാരുടെ രണ്ട് ദിവസത്തെ യോഗം ഇന്ന് തുടങ്ങും.
രാഷ്ട്രപതി ദ്രൗപതി മുര്‍മു അധ്യക്ഷത വഹിക്കുന്ന ഗവര്‍ണര്‍മാരുടെ ആദ്യ സമ്മേളനമാണിത്. ദ്രൗപതി മുര്‍മുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, വിവിധ കേന്ദ്രമന്ത്രിമാര്‍, നിതി ആയോഗ് പ്രതിനിധികള്‍ തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും.
അതേസമയം, വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.