പാർപ്പിട രംഗത്തുള്ള നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള സമീപകാല നടപടികൾ കുവൈത്തിന്റെ തൊഴിൽ വിപണിയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നു. രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ കൂലിയും നിർമാണ ചെലവും ഉയരുകയാണ്. എൻഫോഴ്സ്മെന്റ് നടപടികൾ തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ കാരണമായത്, മുമ്പ് പ്രതിദിനം 10 ദിനാർ ശമ്പളമുണ്ടായിരുന്ന തൊഴിലാളികൾ ഇപ്പോൾ 15 ദിനാർ വരെ ആവശ്യപ്പെടുന്നതായും റിപ്പോർട്ടിൽ പറഞ്ഞു. അൽ മുത്ല, അൽ വഫ്റ തുടങ്ങിയ പുതിയ പാർപ്പിട മേഖലകളിൽ തൊഴിലാളികൾ താമസിക്കുന്നതിനാലുണ്ടായ പാർപ്പിടത്തിന്റെയും ഗതാഗതത്തിന്റെയും ഉയർന്ന ചിലവുകളാണ് ഈ വർധനവിന് കാരണമെന്നും ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ താമസത്തിനായി ബേസ്മെന്റുകളും താഴത്തെ നിലകളും ഉപയോഗിക്കുന്നത് ഒഴിവാക്കിയത് പ്രവാസി തൊഴിലാളികൾക്ക് താങ്ങാനാവുന്ന ഭവനങ്ങളുടെ ദൗർലഭ്യം സൃഷ്ടിച്ചിരിക്കുകയാണ്. ഈ കുറവ് തൊഴിലാളികളുടെ പാർപ്പിട ചെലവ് വർധിപ്പിക്കുന്നതിന് കാരണമായി. തൊഴിലാളികളുടെ വീട്ടുവാടക കൂടുന്നത് മൊത്തത്തിലുള്ള നിർമാണച്ചെലവുകൾ വർധിക്കാൻ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വർധിച്ച വേതനവും ഭവന ചെലവുകളും ഉള്ളതിനാൽ അൽ മുത്ല, അൽവഫ്‌റ തുടങ്ങിയ പ്രദേശങ്ങളിൽ പുതിയ പ്ലോട്ടുകൾ സ്വീകരിക്കുന്ന പൗരന്മാരുടെ അന്തിമ ചെലവ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. മൻഗഫിൽ അടുത്തിടെയുണ്ടായ തീപിടിത്തം താമസ കെട്ടിടങ്ങൾ നിയമ വിധേയമായിരിക്കേണ്ടതാണെന്നത് തുറന്നുകാട്ടുന്നുണ്ട്. സംഭവത്തിന് ശേഷം നടപടികൾ കർശനമാക്കിയതോടെ ചരക്ക് സംഭരണത്തിനും പാർപ്പിടത്തിനുമുള്ള ചെലവുകൾ വർധിപ്പിച്ചിരിക്കുകയാണ്. ചില ചെറുകിട ബിസിനസ്സ് ഉടമകൾ വാടക വിലയിൽ 300% വരെ വർധനവ് അനുഭവിക്കുന്നുണ്ട്.
സംഭരണ -പാർപ്പിട രംഗത്ത് ചെലവ് കൂടിതിനാൽ ഉൽപ്പന്നങ്ങളുടെ വില വർധിക്കാൻ ഇടയുണ്ട്. വാടക വർധിച്ചതിന്റെ ആഘാതം ലഘൂകരിക്കാൻ പുതിയ സ്റ്റോറേജ് ഏരിയകളും വെയർഹൗസുകളും വികസിപ്പിക്കണമെന്നാണ് ബിസിനസ്സ് ഉടമകളും പ്രോജക്ട് മാനേജർമാരും ആവശ്യപ്പെടുന്നത്.