കൽപ്പറ്റ: റഡാര്‍ സിഗ്‌നല്‍ ലഭിച്ചതിനെ തുടർന്ന് സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രി തിരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈയില്‍ മൂന്നുപേരെ കാണാതായ വീടിന് സമീപം ജീവന്റെ തുടിപ്പ് സംശയിക്കുന്ന റഡാര്‍ സിഗ്‌നല്‍ ലഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം രാത്രിയിലേക്ക് നീണ്ടത്. എന്നാല്‍ തിരച്ചിലില്‍ ഒന്നുംകണ്ടെത്താനാകാത്തതോടെ വെള്ളിയാഴ്ചയിലെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ ദുരനന്തത്തില്‍ ഇതുവെര മരിച്ചവരുടെ എണ്ണം 338 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
ആദ്യം കിട്ടിയ സിഗ്‌നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരുകയായിരുന്നു. അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്‌നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്.
മനുഷ്യനോ, ജീവികളോ ആകാമെന്ന നിഗമനത്തിലാണ് ദൗത്യസംഘം. ദുർഘടമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയായിരുന്നു പരിശോധന. വീടിന്‍റെ അടുക്കള ഭാഗത്താണ് പരിശോധന നടത്തിയത്. വീട്ടിലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരച്ചിലിനായി ഫ്ലഡ് ലൈറ്റുകളെല്ലാം സ്ഥലത്തെത്തിച്ചിരുന്നു. സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
റഷ്യൻ നിർമിത റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഈ വീട്ടിൽനിന്ന് മൂന്നുപേരെ കാണാതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും.
സിഗ്നൽ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കിയത്. 40 ഇഞ്ച് കോൺക്രീറ്റ് പാളിക്കടിയിൽ വരെ ആളുണ്ടെങ്കിൽ സിഗ്നൽ കാണിക്കും. പ്രദേശത്ത് ഫയർ ആൻഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്. വെള്ളിയാഴ്ച രാവിലെ പടവെട്ടിക്കുന്നിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയിരുന്നു.