ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെന്റർ തുറന്നു. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും പിന്നീട് തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെയുണ്ടാകും. ബാഗേജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമന്വയിപ്പിച്ചതാണ് കേന്ദ്രമെന്നും യാത്രക്കാർക്ക് എളുപ്പത്തിൽ ബാഗുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനും ഇതിലൂടെ സാധിക്കുമെന്നും വിമാനത്താവളവൃത്തങ്ങൾ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്റർ വഴി കൂടുതൽ സുരക്ഷ പരിശോധനകൾക്ക് കാത്തുനിൽക്കാതെ തന്നെ സേവനം ലഭിക്കും. ടെർമിനലിലെ സൗകര്യപ്രദമായ സ്ഥലത്താണ് സെന്റർ തുറന്നിരിക്കുന്നത്.
പ്രവർത്തന കാര്യക്ഷമത ഉറപ്പുവരുത്താനും കാത്തുനിൽപ് സമയം കുറക്കാനും യോജിക്കുന്ന രീതിയിലാണ് കേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നത്. ദുബൈ എയർപോർട്സും ദുബൈ പൊലീസ്, ദുബൈ കസ്റ്റംസ്, ദിനാട്ട എന്നിവയുൾപ്പെടെയുള്ള സേവന പങ്കാളികളും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ ഉദാഹരണമാണ് സെന്ററെന്നും പ്രസ്താവനയിൽ പറഞ്ഞു.