വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി ഗായിക റിമി ടോമി. 5 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. റിമി ടോമി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അറിയിച്ചത്. ദുരന്തത്തില്‍ വിട പറഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു ഗായിക.
‘നമ്മുടെ ഇടയില്‍ നിന്ന് വിട പറഞ്ഞ സഹോദരങ്ങള്‍ക് ആദരാഞ്ജലികള്‍.. അവര്‍ക്കു വേണ്ടി രാപകലില്ലാതെ കഷ്ടപെടണ എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി. ഇനി ഇത്‌പോലെ ഒരു ദുരന്തം ഉണ്ടാവല്ലേന്നു പ്രാര്‍ത്ഥിക്കുന്നു..ദുരിതബാധിതര്‍ക് എത്രയും പെട്ടന്ന് ഇതില്‍ നിന്നു അതിജീവിക്കാനും പറ്റട്ടെ’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. മോഹന്‍ലാല്‍ 25 ലക്ഷം, നയന്‍താര 20 ലക്ഷം, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം, ടൊവിനോ 25 ലക്ഷം, ഫഹദ് ഫാസില്‍ 25 ലക്ഷം, നവ്യ നായര്‍ എന്നിവരാണ് സിനിമാമേഖലയില്‍ നിന്ന് ഇതിനകം സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്.