Kerala

വയനാട് ഉരുൾപൊട്ടൽ: ചാലിയാറിൽ നിന്ന് ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും

നിലമ്പൂര്‍: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

പോലിസ്, വനം, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, നാട്ടുകാര്‍, നൂറുകണക്കിന് വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നാല് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങള്‍ ലഭിച്ചത്. വെള്ളിയാഴ്ച മാത്രം 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ഇതുവരെ 180 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 149 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോവുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.

ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളിൽ നിന്നുമാണ് സംയുക്ത പരിശോധാ സംഘവും സന്നദ്ധ സംഘടനകളും മൃതദേഹങ്ങൾ കണ്ടെടുത്തത്. രാവിലെ മുതൽ എൻ.ഡി.ആർ.എഫ്, നവികസേന, അഗ്നിരക്ഷാ സേന, വനം വകുപ്പ് ഉദ്യോ​ഗസ്ഥർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിലാരംഭിച്ചിരുന്നു. ലഭിച്ച മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി.