പാരിസ്: പാരിസ് ഒളിംപിക്സിൽ അമ്പെയ്ത്തിന്റെ മിക്സഡ് ടീം ഇവന്റിൽ ഇന്ത്യയുടെ അങ്കിത-ധീരജ് സഖ്യത്തിന് തോൽവി. അമേരിക്കയ്ക്ക് എതിരായ വെങ്കല പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. കേസി കോഫ്‌ഹോൾഡ്, ബ്രാഡി എല്ലിസൺ എന്നിവരടങ്ങിയ അമേരിക്കൻ സഖ്യത്തോട് 6-2 എന്ന സ്കോറിനാണ് കീഴടങ്ങിയത്. 37-38, 35-37, 38-34, 35-37 എന്നിങ്ങനെയായിരുന്നു സ്കോർ.
ചരിത്രത്തിലാദ്യമായായിരുന്നു ഈയിനത്തിൽ ഇന്ത്യ സെമിയിലെത്തുന്നത്. സെമിയിൽ ഇന്ത്യൻ ജോടി കൊറിയക്കെതിരെ ഗംഭീരമായി തുടങ്ങി. ആദ്യ സെറ്റ് ഇന്ത്യ നേടി. കൊറിയക്കെതിരെ അത്യുജ്ജ്വലമായി പിടിച്ചുനിന്ന ശേഷം 6 -2ന് കീഴടങ്ങുകയായിരുന്നു. മനഃസാന്നിധ്യം നഷ്ടപ്പെട്ട് വരുത്തിയ പിഴവുകളാണ് ഫൈനലിനരികെ ലക്ഷ്യം തെറ്റിയത്.
ജർമനിയുമായി രണ്ടാം സെമി തോറ്റെത്തിയ അമേരിക്കയായിരുന്നു വെങ്കല മെഡൽ പോരാട്ടത്തിൽ എതിരാളികൾ. ആദ്യ രണ്ട് സെറ്റും അനായാസം കൈവിട്ട ഇന്ത്യ പക്ഷേ, അടുത്ത സെറ്റ് മനോഹരമായി പിടിച്ചു. എന്നാൽ, നിർണായകമായ നാലാം സെറ്റിൽ കളി പിടിച്ച്‍ യു.എസ് വെങ്കലം നേടി. ഇന്ത്യ ഒരിക്കൽകൂടി നാലാം സ്ഥാനവുമായി മടങ്ങുകയും ചെയ്തു. ജർമനിയെ തോൽപ്പിച്ച കൊറിയ സ്വർണം നേടി.