Kerala

അനധികൃത നിർമ്മാണം : കേരള-തമിഴ്നാട് സർക്കാരുകൾക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ | Illegal Construction: National Green Tribunal files voluntary case against Kerala and Tamilnadu governments

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിന് ഇടയിൽ കേരള-തമിഴ്നാട് സർക്കാരുകൾക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ. മലയോര പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതരത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാണ് ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ച് കേസെടുത്തിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ, കേരളത്തിലെ വയനാട്, ഇടുക്കി, തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂർ ജില്ലാ കളക്ടർമാർ എന്നിവർക്ക് നോട്ടീസയച്ചു.

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ മേപ്പാടി മേഖലയിലെ ചൂരൽമലയും മുണ്ടക്കൈയും പാറക്കെട്ടുള്ള മേഖലയാണ്. അവിടെ ചുവന്ന മണ്ണാണുള്ളത്. എന്തിനാണ് അവിടെ ഇത്രയധികം കെട്ടിടങ്ങൾ, മറുപടി നൽകിയേ മതിയാവൂ എന്ന് ബെഞ്ച് പറഞ്ഞു. വയനാട് ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല അറിയേണ്ടത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടുള്ള പരിഹാരങ്ങളും പ്രതിരോധ നടപടികളും എന്താണെന്ന് അറിയണമെന്നും ബെഞ്ച് വ്യക്തമാക്കി.

ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിനെ പരിസ്ഥിതി ലോല മേഖല 1ൽ ഉൾപ്പെടുത്തി ഭൂവിനിയോഗത്തിൽ മാറ്റം അനുവദിക്കില്ലെന്ന് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിലിൻ്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

ഹിൽസ്റ്റേഷനുകളിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിന് നിയന്ത്രണങ്ങൾ നൽകുന്ന 1920ലെ തമിഴ്‌നാട് ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റി ആക്‌റ്റിലെ 10എ വകുപ്പ് സംസ്ഥാനം കർശനമായി പാലിക്കുന്നുണ്ടോ എന്ന ചോദ്യവും ട്രൈബ്യൂണൽ ഉന്നയിച്ചു. കേരളത്തിൽ അത്തരം നിയമങ്ങൾ ഉണ്ടോയെന്ന് അറിയേണ്ടതുണ്ട്. ദയവായി ആ വിശദാംശങ്ങൾ നൽകാനും ഇരു സംസ്ഥാനങ്ങളുടെ സ്റ്റാൻഡിംഗ് കൗൺസിൽമാരോട് ബെഞ്ച് ആവശ്യപ്പെട്ടു.