Kerala

വയനാട് ദുരന്തം: 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ശോഭ ഗ്രൂപ്പ്-Sobha Group will build 50 houses for the victims of the Wayanad landslide

കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ശോഭ ഗ്രൂപ്പ്. വയനാട്ടില്‍ 10 കോടി രൂപ ചെലവഴിച്ച് 50 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പിഎന്‍സി മേനോന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം ശോഭ ഗ്രൂപ്പിന്റെ പിന്തുണ അറിയിച്ചത്.

ദുരിതബാധിതര്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നത്. ഭവന നിര്‍മ്മാണവും ധനസഹായവും ശ്രീകുടുംബ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാകും നടക്കുക. പാലക്കാട് ജില്ലയിലെ നിരാലംബരായ ആയിരം പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് പുറമെയാണ് ഇപ്പോള്‍ വയനാടിന് സഹായഹസ്തമായി 50 വീട് നിര്‍മ്മിച്ച് നല്‍കുവാനുള്ള ശോഭ ഗ്രൂപ്പിന്റെ തീരുമാനം.