ഒമാനിലെ ഷിനാസ് തുറമുഖത്തെ ഇറാന്റെ ബന്ദർ അബ്ബാസ് പോർട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ കപ്പൽപാത നിർമിക്കുമെന്ന് ഒമാൻ ഗാതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഷിനാസ് തുറമുഖ വികസനവും സാമ്പത്തിക നേട്ടവും ലക്ഷ്യം വെച്ചാണ് പുതിയ പാതയുടെ പ്രഖ്യാപനം.
പോർട്ട് ഓപറേറ്ററും ഡെവലപ്പറുമായ ക്യു.എസ്.എസ് മാരിടൈമും വേൾഡ് മോഡേൺ ലൈറ്റ്സ് കമ്പനിയും തമ്മിലുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നിർമാണം നടക്കുക. ആധുനിക സൗകര്യങ്ങളടങ്ങിയ പാസഞ്ചർ ലോഞ്ചും പദ്ധതിയുടെ ഭാഗമായി നിർമിക്കും. പുതിയ പാത വരുന്നതു വഴി ഒമാനും ഇറാനും തമ്മിലുള്ള വിനോദ മേഖലയും വ്യാപാരവും വർധിക്കുമെന്നാണ് വിലയിരുത്തൽ.