രക്ഷപെടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പലരും വയനാട്ടിൽ പരസ്പരം കെട്ടിപ്പിടിച്ച് മരണത്തെ അഭിമുഖീകരിച്ചവരാണ്. അതിനെക്കുറിച്ച് ഒരു വ്യക്തി പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വയനാട് ദുരന്ത ഭൂമിയിൽ ദുരന്തത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരയിക വന്ന ജിതേഷ് ചില കാര്യങ്ങൾ തുറന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്…
” ചാലിയാർ പുഴയുടെ കരയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഉള്ളത്. ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചു വന്നത് വെള്ളം മാത്രമായിരുന്നില്ല വലിയ കല്ലുകൾ കൂടിയായിരുന്നു. ഒരു വീടിന്റെ അത്രയും പൊക്കമുള്ള വലിയ ഉരുളൻ കല്ലുകൾ അവിടെയെത്തി. വലിയ ശബ്ദം ആണ് ആദ്യം കേൾക്കുന്നത് എല്ലാവരും മുറ്റത്തിറങ്ങി നോക്കി വെള്ളം കണ്ട് പലരും വീടുകളിൽ നിന്നും പുറത്തേക്കോടി..
ആ സമയത്ത് എന്റെ വീട്ടുകാരും രക്ഷപ്പെടുവാൻ വേണ്ടി പുറത്തേക്കോടി. ഞാൻ കളിച്ചു വളർന്ന എന്റെ സ്ഥലമാണത്. അപകടം നടക്കുമ്പോൾ എന്റെ അച്ഛനും അമ്മയും അനിയത്തിയും മക്കളും മുണ്ടക്കൈയിലെ വീട്ടിൽ ഉണ്ടാരുന്നു. എന്തോ ശബ്ദം കേട്ടാണ് അവർ വീട്ടിൽ നിന്നും ഓടിയിറങ്ങി രക്ഷപ്പെടുന്നത്. കോടയും മറ്റും മൂടിക്കിടുന്നത് കാരണം അവർക്ക് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഓടി രക്ഷപ്പെട്ട് തൊട്ടടുത്ത റിസോർട്ടിൽ അഭയം തേടിയതിനു ശേഷം അനുജത്തിയാണ് പോലീസുകാരെയും മറ്റും കാര്യങ്ങൾ വിളിച്ചു പറയുന്നത്.
ഓടി രക്ഷപ്പെടുന്നതിനിടയിൽ തന്നെ കുടുങ്ങിക്കിടക്കുന്ന ചിലരെ രക്ഷപ്പെടുത്താനും സാധിച്ചു. ആരോ വിളിച്ചുകൊണ്ടുപോയി തന്നെ കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുന്നതുപോലെ തോന്നിയതാണ് എന്നാണ്അ നുജത്തി ഞങ്ങളോട് പറഞ്ഞത്. അവളെ വിളിച്ചു എന്ന് പറയുന്ന അടുത്ത വീട്ടിലെ പയ്യൻ പക്ഷേ നേരത്തെ അപകടത്തിൽ മരിച്ചിരുന്നു. അവളുടെ മനസ്സിന്റെ തോന്നലുകൾ ആയിരിക്കാം അത്.. പക്ഷേ ദുരന്തത്തിൽ എന്റെ അമ്മായിയുടെ മകനെയും കുടുംബത്തെയും നഷ്ടപ്പെട്ടു.
ഉരുൾപൊട്ടി വന്നപ്പോൾ അമ്മായിയുടെ മകനും സഹോദരന്റെ മകനും വാതിൽ തുറന്ന് പുറത്തേക്ക് ചാടി. പക്ഷേ ഉള്ളിലുള്ള ചേച്ചിക്കും ചേട്ടനും മക്കൾക്കും പുറത്തു കടക്കാൻ സാധിച്ചില്ല. അപ്പോഴേക്കും വീടിന്റെ പുറകുവശത്ത് കൂടി വീടിനകത്ത് ചെളി അടിച്ചു കയറി. രക്ഷപ്പെടാൻ കഴിയില്ല എന്ന് മനസ്സിലാക്കി അവർ പരസ്പരം കെട്ടിപ്പിടിച്ച് മരണത്തെ അഭിമുഖീകരിച്ചു. അവർക്ക് മുകളിലേക്ക് അലമാരയും ഭിത്തിയും എല്ലാം തകർന്നു വീണിരുന്നു. എല്ലാം സെക്കൻഡുകൾക്കുള്ളിൽ ആണ് സംഭവിക്കുന്നത്. മണ്ണു മാന്തി അവരെ എടുത്തതും കെട്ടിപ്പിടിച്ച നിലയിലായിരുന്നു.. അവരുടെ മൃതദേഹങ്ങൾ പരസ്പരം പുണർന്ന നിലയിലാണ് കാണാൻ സാധിച്ചത്.”