നാൽപ്പത് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് ഇസ്രായേൽ ഭരണകൂടത്തിന്‍റെ നിര്‍ദേശം. ഏറിയും കുറഞ്ഞും സുരക്ഷാഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിയന്ത്രണമുള്ളത്. സഞ്ചാരം അത്യാവശ്യമായി വന്നാൽ മുൻകരുതൽ സ്വീകരിക്കണമെന്നും ജൂത-ഇസ്രായേൽ വ്യക്തിത്വമുള്ള ഒരടയാളവും പ്രദർശിപ്പിക്കരുത് എന്നും സർക്കാർ ആവശ്യപ്പെട്ടു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെയാണ് ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.
‘ഈയിടെയുണ്ടായ സംഭവങ്ങൾക്ക് പിന്നാലെ, ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ സ്ട്രാറ്റജിക് യൂണിറ്റ് തലവൻ ഫുആദ് ഷുക്‌റിന്റെയും മരണത്തിന് പ്രതികാരം വീട്ടുമെന്ന് ഇറാൻ, ഹിസ്ബുല്ല, ഹമാസ് എന്നിവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനും അതിന്റെ നിഴൽ സംഘടനകളും എംബസികൾ, സിനഗോഗുകൾ, ജൂത കമ്യൂണിറ്റി സെന്ററുകൾ തുടങ്ങി വിദേശത്തുള്ള ജൂത കേന്ദ്രങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ട്. ഛബാദ് ഹൗസ്, കോഷർ റസ്റ്ററൻഡുകൾ, ഇസ്രായേലി വ്യാപാരസ്ഥാപനങ്ങൾ എന്നിവയും ലക്ഷ്യം വയ്ക്കാൻ സാധ്യതയുണ്ട്.’- എന്നാണ് ദേശീയ സുരക്ഷാ കൗൺസിൽ ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
പൊതുസ്ഥലങ്ങളിൽ ജാഗ്രതയോടെ ഇരിക്കണമെന്നും വ്യക്തിത്വം പ്രദർശിപ്പിക്കരുതെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ‘പൊതുസ്ഥലങ്ങളിൽ അതീവ ജാഗ്രത കാണിക്കണം. ഇസ്രായേൽ-ജൂത അസ്തിത്വം ഇവിടങ്ങളിൽ പ്രദർശിപ്പിക്കരുത്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷയില്ലാത്ത വലിയ പരിപാടികളിൽ പങ്കെടുക്കരുത്. പ്രതിഷേധങ്ങളുടെ ഭാഗമാകുകയും അരുത്’ – കൗൺസിൽ വ്യക്തമാക്കി.