താര പരിവേഷമെല്ലാം കോഴിക്കോട് വിമാനമിറങ്ങിയപ്പോള്‍ ഊരിവെച്ചതോടെ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ സൈനികനായി മാറി. സ്വന്തം നെയിംബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന പട്ടാള വേഷമിട്ടതോടെ പൂര്‍ണ്ണമായും സൈനികനായി മാറിക്കഴിഞ്ഞു. തന്റെ സഹപ്രവര്‍ത്തകര്‍ രക്ഷാ ദൗത്യമേറ്റെടുത്ത് മുണ്ടക്കൈയില്‍ കഴിഞ്ഞ അഞ്ചുനാള്‍ നിതാന്ത ജാഗ്രതയിലാണ്.
അവരോടൊപ്പം നില്‍ക്കുക എന്നത്, ഒരു പട്ടാളക്കാരന്റെ ധര്‍മ്മവുമാണ്. അതുകൊൊണ്ടു കൂടിയാണ് മോഹന്‍ലാല്‍ പട്ടാള വേഷത്തില്‍ മുണ്ടക്കൈയിലേക്ക് പോയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതം നേരിടുന്ന മുണ്ടക്കൈയിലും ചൂരല്‍മലയിലും ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ രാവിലെ തന്നെ എത്തി.
മിലിട്ടറി വാഹനത്തിലാണ് അദ്ദേഹം എത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ ലഫ്റ്റനന്റ് കേണല്‍ കൂടിയാണ് മോഹന്‍ലാല്‍. സൈനികവേഷത്തില്‍ മേപ്പാടി മൗണ്ട് താബോര്‍ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് ചൂരല്‍മലയിയും ബെയ്‌ലി പാലം വഴി മുണ്ടക്കൈയിലുമെത്തി.
മുണ്ടക്കൈയിലെ തകര്‍ന്നടിഞ്ഞ വീടുകള്‍ക്കരിയിലൂടെ ദുഷ്‌കരമായ വഴികള്‍ താണ്ടി പുഞ്ചിരിമറ്റത്തും മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തി. തിരികെ ചൂരല്‍മലയിലെത്തിയ അദ്ദേഹം സൈനികരെ അഭിനന്ദിച്ചു. മേജര്‍ ജനറല്‍ എന്‍.ടി. മാത്യു, സംവിധായകന്‍ മേജര്‍ രവി, ലെഫ്റ്റനന്റ് രാഹുല്‍, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ കമാന്‍ഡന്റ് പി.എസ്. നാഗര, കേണല്‍ ബെന്‍ജിത്ത് തുടങ്ങിയവരും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ എല്‍.പി. വിദ്യാലയം പുതുക്കി പണിയുന്നതിന് മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ സ്ഥാപിതമായ വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നു കോടി രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ നാടുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം സൈന്യത്തിന്റെ രക്ഷാദൗത്യം മുന്നേറുകയാണ്. ഇന്നലെ നടന്ന രക്ഷാദൗത്യത്തിനിടെ ഒറ്റപ്പെട്ടുപോയ രണ്ട് വ്യക്തികളെ 23 മറാഠാ ലൈറ്റ് ഇന്‍ഫന്‍ട്രി ഘട്ടക്സ് ഐ.എ.എഫ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. സൂചിപ്പാറ കുന്നില്‍ നിന്ന് ബെയ്ലി പാലത്തിന് സമീപമുള്ള ചൂരല്‍മലയിലേക്ക് ഇവരെ എത്തിച്ചു.
ചെങ്കുത്തായ മലയുടെ മുകളിലേക്ക് ഒരു മൃതദേഹം കൊണ്ടുവരാനായി പോയവരാണ്. ഇവര്‍ മലകയറുമ്പോള്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് തിരിച്ചിറങ്ങാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് അവിടെത്തന്നെ തങ്ങിയ ഇവരുടെ അടുത്തേക്ക് ഹെലിക്കോപ്ടറില്‍ സൈന്യം പോവുകയായിരുന്നു. 36 വയസ്സുള്ള സലിമും 32 വയസ്സുള്ള മുഹ്സിനുമാണ് കുടുങ്ങിയവര്‍.
തിരിച്ചെത്തിച്ച് രണ്ടുപേരെയും പരിശോധിച്ചു. ഇരുവര്‍ക്കും ചെറിയ പരിക്കുകളുണ്ട്. മുട്ടിനും നീരുണ്ട്. ചെരുതായി മുറിവുകള്‍ സംഭവിച്ചിട്ടുമുണ്ട്. ഭക്ഷണം കഴിക്കാത്തതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. എക്‌സ്‌റേ അടക്കമുള്ള പരിശോധനകള്‍ക്കായി അടുത്തുള്ള മെഡിക്കല്‍ സെന്റിലേക്കു മാറ്റി.
ദുരന്തഭൂമിയില്‍ വഴി കാട്ടികളായി ഡോഗ് സ്‌ക്വാഡുകളും
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചിലിന് കൂട്ടായി ഡോഗ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കരസേന, പൊലീസ്, തമിഴ്‌നാട് അഗ്‌നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കര്‍മരംഗത്തുള്ളത്.
പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ഡോഗ് സ്‌ക്വാഡിന്റെ തെരച്ചില്‍. യന്ത്രങ്ങള്‍ എത്തിച്ചേരാന്‍ ദുഷ്‌കരമായ മലയിടുക്കുകളിലും കുന്നിന്‍ ചെരിവുകളിലേക്കുമാണ് ശ്വാന സേനയുടെ സേവനം തെരച്ചിലിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ച ഉപയോഗപ്പെടുത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത് മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് അണി ചേര്‍ന്ന ശ്വാനസേനയുടെ സഹായത്താല്‍ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായി. പ്രതികൂലമായ കാലാവസ്ഥയെയും ദുര്‍ഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകള്‍ക്കുണ്ട്.
പരിശീലകരാണ് ദുരന്ത ഭൂമിയില്‍ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്. വയനാട് ഡോഗ് സ്‌ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ മായ, മര്‍ഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലമ്പൂരില്‍ ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ എയ്ഞ്ചല്‍ എന്ന നായയും ജോലിയിലുണ്ട്. മൃതദേഹങ്ങള്‍ തിരയാനും അപകടത്തില്‍ പരിക്കേറ്റവരെ കണ്ടെത്താനുമാണ് നായകളെ വിന്യസിച്ചിരിക്കുന്നത്. മുണ്ടക്കൈയില്‍ നിന്നു മാത്രം ഇതുവരെ 15 ലധികം മൃതദേഹങ്ങളാണ് നായകളുടെ സഹായത്തോടെ കണ്ടെത്തിയത്.
മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകള്‍ സൂചന നല്‍കുക. മറ്റു ചിലപ്പോള്‍ രണ്ടു കൈകള്‍ കൊണ്ടും മണ്ണിലേക്ക് മാന്തും. വാലാട്ടിയും സൂചന നല്‍കുന്നവയുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ മനസിലാക്കുന്ന പരിശീലകര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. കൊക്കയാര്‍, പെട്ടിമുടി തുടങ്ങിയ ദുരന്തങ്ങളിലും കേരള പോലീസിനു ഡോഗ് സ്‌ക്വാഡുകള്‍ ഏറെ സഹായകമായിട്ടുണ്ട്.
content highlights;Laleton’s mass entry; Not in the movies, but in the face of disaster as a full-fledged soldier