ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പ് സൗദി അറേബ്യയിൽ നടത്തുന്നതിന്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് സൗദിയിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുക. റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഈ നഗരങ്ങളിൽ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ 15 സ്റ്റേഡിയങ്ങളാണ് ഇതിനായി ഉപയോഗിക്കുക. 11 സ്റ്റേഡിയങ്ങളാണ് പുതുതായി നിർമിക്കുക.
ഇക്കൂട്ടത്തിൽ ഏറ്റവും സുപ്രധാനമായ വേദി റിയാദിൽ പുതുതായി നിർമിക്കുന്ന കിങ് സൽമാൻ സ്റ്റേഡിയമാണ്. 92,000-ലധികം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും ഫൈനൽ മത്സരവും നടക്കുക. സൗദി ദേശീയ ടീമിന്റെ ആസ്ഥാനം കൂടിയായിരിക്കും ഈ സ്റ്റേഡിയം. മത്സരങ്ങൾ നടക്കുന്ന 15 സ്റ്റേഡിയങ്ങളിൽ എട്ടെണ്ണം റിയാദിലായിരിക്കും.
റിയാദ് നഗരത്തിന് സമീപമുള്ള ഖിദ്ദിയയിൽ നിർമിക്കുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയവും, റിയാദിലെ കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയവും മത്സരത്തിന് വേദിയാകും. ബഗ്ലഫിലുള്ള കിങ് ഫഹദ് സ്റ്റേഡിയം ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിക്കുകയും അതിന്റെ ശേഷി 70,000 ഇരിപ്പിടങ്ങളായി വർധിപ്പിക്കുകയും ചെയ്യും.
ജിദ്ദയിൽ ചരിത്രപ്രസിദ്ധമായ ജിദ്ദ അൽബലദ് മേഖലയുടെ പൈതൃകം ഉൾക്കൊണ്ട് മരയുരുപ്പടി വാസ്തുവിദ്യാ ശൈലിയിൽ നിർമിക്കുന്ന ‘ഡൗൺടൗൺ ജിദ്ദ സ്റ്റേഡിയമാണ്’ഒരു ടൂർണമെൻറ് വേദി. ചെങ്കടലിലെ അതിശയകരമായ പവിഴപ്പുറ്റുകളുടെ ആകൃതിയിൽ നിർമിച്ചിട്ടുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കോസ്റ്റൽ സ്റ്റേഡിയവും ജിദ്ദയിലെ മറ്റൊരു വേദിയാവും. കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ നഗരത്തിൽ അറേബ്യൻ ഗൾഫ് തീരത്തുള്ള അരാംകോ സ്റ്റേഡിയമാണ് മത്സര വേദി.